Skip to main content

ചുഴലിക്കാറ്റും കനത്ത മഴയും - കുന്നംകുളത്ത് വ്യാപക നാശനഷ്ടം; എം എൽ എ സ്ഥലം സന്ദർശിച്ചു

 

 

കുന്നംകുളം താലൂക്കിലെ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിൽ വിവിധയിടങ്ങളിൽ ഇന്നലെ പുലര്‍ച്ചയോടെ വീശിയടിച്ച ചുഴലിക്കാറ്റും കനത്ത മഴയും വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കി. എ സി മൊയ്തീന്‍ എംഎല്‍എ, എസ് സി എസ് ടി കമ്മീഷന്‍ അംഗം ടി കെ വാസു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ദുരന്തബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. 

 

തഹസില്‍ദാരുടെ നേതൃത്വത്തില്‍ നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ചുവരുന്നുണ്ടെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. ദുരന്തപ്രതികരണ നിധിയില്‍ നിന്നും അടിയന്തര സഹായം ദുരന്തബാധിതര്‍ക്ക് അനുവദിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രിയോടും ജില്ലാ കളക്ടറോടും എംഎല്‍എ ആവശ്യപ്പെട്ടു.

 

ചുഴലിക്കാറ്റിലും കനത്ത മഴയിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പെങ്ങാമുക്ക്, കരിച്ചാല്‍, കാഞ്ഞിരത്തിങ്കല്‍, ആനപ്പറമ്പ് കാട്ടകാമ്പാല്‍, പലാട്ടുമുറി, നടുമുറി, ചിറയ്ക്കല്‍, സ്രായിക്കടവ്, ചിറയന്‍കാട്, രാമപുരം എന്നിവിടങ്ങളില്‍ മരം പൊട്ടി വീണ് വീടുകള്‍ക്കും ചിറയ്ക്കല്‍ സെന്ററിലെ ട്രാന്‍സ്ഫോർമറിനും കേടുപാടുകൾ സംഭവിച്ചു. അറുപതില്‍പരം കെഎസ്ഇബി പോസ്റ്റുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.

date