Skip to main content

പ്രഥമ ദേശീയ പൊലീസ് ബാഡ്മിന്‍റണ്‍ & ടേബിള്‍ ടെന്നീസ് ക്ലസ്റ്ററിന് സമാപനം

അഞ്ച് ദിവസം നീണ്ടു നിന്ന പ്രഥമ ഓള്‍ ഇന്ത്യ പൊലീസ് ബാഡ്മിന്‍റണ്‍ & ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്‍റ് 2025, കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷപൂര്‍ണ്ണമായ ചടങ്ങിലൂടെ സമാപിച്ചു. 

 

വ്യവസായ മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയായ ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സഹിബ്, മറ്റു ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

 

ടേബിള്‍ ടെന്നീസിലെ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് ഉത്തര്‍പ്രദേശ് നേടിയപ്പോള്‍, മിസോറാം ബാഡ്മിന്‍റണ്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. ജേതാക്കള്‍ക്ക് മന്ത്രി ട്രോഫികള്‍ സമ്മാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ടീമംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റിന് മന്ത്രി സല്യൂട്ട് സ്വീകരിച്ചു.

 

മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥികള്‍ക്ക് പുരസ്കാരങ്ങളും അഭിനന്ദനങ്ങളും ലഭിച്ചു. മഹത്തായ കായിക പ്രകടനം കാഴ്ചവെച്ച എല്ലാ മല്‍സരാര്‍ത്ഥികള്‍ക്കും സമ്മാനങ്ങളും വിതരണം ചെയ്തു.

 

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും മറ്റു കേന്ദ്ര സായുധസേനാ സംഘങ്ങളും ഉള്‍പ്പെടെ 1033 കായികതാരങ്ങള്‍ പങ്കെടുത്ത ഈ ടൂര്‍ണമെന്‍റ് രാജ്യത്തെ വിവിധ പൊലീസ് സേനാംഗങ്ങളുടെ കായിക മികവും ഒത്തൊരുമയും അച്ചടക്കവും സൗഹൃദവും നിറഞ്ഞ മല്‍സരങ്ങളിലൂടെ ശ്രദ്ധേയമായി.

 

ഓള്‍ ഇന്ത്യാ പോലീസ് സ്പോര്‍ട്സ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്‍റില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 43 ടീമുകളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള 825 പുരുഷന്മാരും 208 സ്ത്രീകളും അടങ്ങുന്ന 1,033 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

 

'നിരവധി കളിക്കാര്‍ക്ക് ജന്മം നല്‍കിയ സംസ്ഥാനമാണ് കേരളം, ഈ പ്രഥമ പരിപാടിയില്‍ ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം' ചടങ്ങില്‍ സംസാരിക്കവേ മന്ത്രി പി രാജീവ് പറഞ്ഞു.

 

ഈ കായികമേള പോലീസുകാരുടെ ശാരീരിക ക്ഷമതയും മാനസികശക്തിയും മെച്ചപ്പെടുത്തുന്നതിനും രാജ്യത്താകെയുള്ള വിവിധ പോലീസ് വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യവും പരസ്പര ബഹുമാനവും വളര്‍ത്തുന്നതിനും വലിയ സഹായമാണ് ചെയ്തതെന്ന് ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച IB സ്പെഷ്യൽ ഡയറക്ടറും ഓള്‍ ഇന്ത്യ പൊലിസ് സ്പോര്‍ട്സ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രതിനിധിയുമായ രവാഡ എ ചന്ദ്രശേഖര്‍ പറഞ്ഞു.

ചടങ്ങില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍, വിവിധ സംസ്ഥാനങ്ങളിലെ സേനാംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു.

 

date