പുതിയതെരു ഗതാഗത പരിഷ്‌കരണം തുടരും; നിയമ ലംഘനത്തിനെതിരെ കർശന നടപടി
ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ച പാപ്പിനിശ്ശേരി-വളപട്ടണം-പുതിയതെരു ഗതാഗത പരിഷ്‌കരണം കർശനമായി തുടരാൻ കലക്ടറേറ്റിൽ നടന്ന അവലോകന യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് പോലീസിനും ആർടിഒക്കും യോഗം നിർദേശം നൽകി. കെ.വി സുമേഷ് എം.എൽ.എ യുടെയും എ.ഡി.എം പദ്മചന്ദ്രക്കുറുപ്പിന്റെയും സാന്നിധ്യത്തിലായിരുന്നു യോഗം.
ജില്ലയിൽ തന്നെ ഏറെ ഉപകാരപ്രദമായ ഗതാഗത പരിഷ്‌കരണമായിട്ടാണ് പാപ്പിനിശ്ശേരി-വളപട്ടണം- പുതിയതെരു ഗതാഗത പരിഷ്‌കരണം വിലയിരുത്തപ്പെടുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പുതിയതെരുവിനെ റെഡ് സോണിൽ നിന്നും ഗ്രീൻ സോണിലേക്ക് മാറ്റാൻ സാധിച്ച ഗതാഗത പരിഷ്‌കരണം ഏറെ അഭിനന്ദനാർഹമാണെന്നും ഇത് ശക്തമായി തുടരണമെന്നും സംസ്ഥാന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കലക്ടറെ അറിയിച്ചതായി എഡിഎം പറഞ്ഞു.
ഗ്രീൻ സോണിലായ പുതിയതെരു വളപട്ടണം പാലം പാപ്പിനിശേരി ഭാഗം ഗ്രീൻ സോണിൽ തന്നെ നിലനിൽക്കുന്നുണ്ട് എന്ന് ആർ.ടി.ഒ അറിയിച്ചു. തുടർച്ചയായി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിച്ചു. ചിലർ ബോധപൂർവ്വം ട്രാഫിക് ലംഘിക്കുന്നതായി പോലീസ് അറിയിച്ചു. വിജയകരമായ ട്രാഫിക് പരിഷ്കരണത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് യോഗം അഭ്യർത്ഥിച്ചു.
മാഗ്നറ്റ് ഹോട്ടലിനു മുന്നിലെ കണ്ണൂർ തളിപ്പറമ്പ് ഭാഗത്തേക്ക് ഇരു ബസ്സ് സ്റ്റോപ്പുകളിലും ബസുകൾ റോസിൻ്റെ മധ്യത്തിൽ നിർത്തുന്നതും പാപ്പിനിശ്ശേരി പഴയങ്ങാടി ജംഗ്ഷനിൽ ട്രാഫിക് ലംഘിച്ച് സ്വകാര്യ വാഹനങ്ങൾ എതിർ വശത്തേക്ക് കയറുന്നതും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. അവധിക്കാലമായതിനാൽ വാഹനങ്ങളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർധനവുണ്ട്. ഒരു മിനിറ്റിൽ 62 വാഹനങ്ങൾ കടന്നുപോയത് ഇപ്പോൾ 86 ആയി. ടാങ്കർ ലോറികളും ചരക്ക് വാഹനങ്ങളും കടന്നുപോകുന്നതിനാൽ വൈകുന്നേരങ്ങളിൽ ചുങ്കം മേഖലയിലും പുതിയതെരു വില്ലേജ് ഓഫീസിനു മുന്നിലും ചില സമയങ്ങളിൽ വാഹന തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി പുതിയതെരുവിൽ ഹോട്ടൽ മാഗ്നറ്റിന്റെ മുൻവശത്ത് കണ്ണൂർ ഭാഗത്തേക്കും തളിപ്പറമ്പ് ഭാഗത്തേക്കും പോകുന്ന ബസുകൾ റോഡിന് നടുവിൽ നിർത്തുന്നത് ഒഴിവാക്കാനും മറ്റു വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്നതിനും പ്രത്യേകമായി പോലീസിനെ നിയോഗിക്കാൻ യോഗം തീരുമാനിച്ചു.
ഗതാഗത പരിഷ്‌കരണം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിനും പോലീസിനും നിർദേശം നൽകി. വില്ലേജ് ഓഫീസിനു മുൻവശത്ത് ബസ് ബേ നിർമ്മാണം വേഗതയിലാക്കാൻ കെ.എസ്.ഇ.ബി ക്കും വിശ്വസമുദ്രയുടെ എൻജിനീയറിങ് വിഭാഗത്തിനും കത്ത് നൽകാൻ തീരുമാനിച്ചു.
ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, സിഐ ടി.പി സുമേഷ്, ആർടിഒ ഉണ്ണികൃഷ്ണൻ, ദേശീയപാത അതോറിറ്റി പ്രതിനിധികൾ, വിശ്വസമുദ്ര പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
- Log in to post comments