Skip to main content

തൊഴിൽ പൂരം ഒരു തുടക്കം മാത്രം, പ്രാദേശിക തൊഴിൽമേളകൾ സംഘടിപ്പിച്ച് എല്ലാവർക്കും തൊഴിൽ ഉറപ്പാക്കും: മന്ത്രി കെ രാജൻ

വിജ്ഞാന കേരളം - വിജ്ഞാന തൃശ്ശൂർ പദ്ധതിയുടെ ഭാഗമായി തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ഒരു തുടക്കം മാത്രമാണെന്നും പ്രാദേശിക തൊഴിൽമേളകൾ ഉൾപ്പെടെ സംഘടിപ്പിച്ച് എല്ലാവർക്കും തൊഴിൽ ഉറപ്പാക്കുമെന്നും റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആവശ്യമായ നൈപുണ്യ പരിശീലനം നൽകി രജിസ്റ്റർ ചെയ്ത എല്ലാവർക്കും തൊഴിൽ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിജ്ഞാന തൃശ്ശൂരിലൂടെ തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്‌കിൽ ഗ്യാപ്പ് നികത്തി അഭ്യസ്തവിദ്യരായ എല്ലാവർക്കും തൊഴിൽ നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 20 ലക്ഷം പേർക്ക് ജോലി നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാടാണ് വിജ്ഞാന കേരളം ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ നടപ്പാക്കുന്നത്. അതിനായി സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ ഏജൻസികളുടെ കൂട്ടായ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയതായി ആരംഭിച്ച നാല് വർഷ ബിരുദത്തിൽ സ്‌കിൽ കോഴ്‌സുകൾക്ക് ക്രെഡിറ്റ് അനുവദിച്ച് സിലബസിൽ ഉൾപ്പെടുത്തി.  തൊഴിലവസരങ്ങളിലേക്ക്  ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാൻ വിജ്ഞാന തൃശ്ശൂർ പദ്ധതി ഉദ്യോഗാർത്ഥികളെ പ്രാപ്തമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 വിജ്ഞാനകേരളം മെഗാ ജോബ് ഫെയറിൽ രജിസ്റ്റർ ചെയ്യുന്നതിന് ഏപ്രിൽ 23 വരെ അവസരം ലഭിക്കും. ഏപ്രിൽ 25 വരെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും വിദ്യാഭ്യാസ യോഗ്യതയ്ക്കും അനുസരിച്ചുള്ള തൊഴിലുകൾക്ക് അപേക്ഷിക്കാം. തൃശ്ശൂരിന്റെ തൊഴിൽ പൂരം ഏപ്രിൽ 26ന് ഗവ. എൻജിനീയറിങ് കോളേജ്, വിമല കോളേജ് എന്നിവിടങ്ങളിലായി സംഘടിപ്പിക്കും. 132 കമ്പനികളുടെ 455 തരം ജോലികളിലായി 35,000 തൊഴിലവസരങ്ങൾ വിജ്ഞാന തൃശ്ശൂരിനായി സജ്ജമാണ്. ഏപ്രിൽ 21 മുതൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ  സന്നദ്ധ പ്രവർത്തകർ ഗൃഹസന്ദർശനവും രജിസ്‌ട്രേഷൻ ക്യാമ്പുകളും സംഘടിപ്പിച്ച് ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.

 ഏപ്രിൽ 26ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ട സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ ജോബ് സ്റ്റേഷനുകൾ വഴി മുൻകൂട്ടി അറിയിക്കും. ഉദ്യോഗാർത്ഥികളെ കെ.എസ്.ആർ.ടി.സി ബസ് സൗകര്യം പ്രയോജനപ്പെടുത്തി മേളയിൽ പങ്കെടുപ്പിക്കാൻ ഫണ്ട് ഉപയോഗിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ശക്തൻ സ്റ്റാന്റ് കെ.എസ്.ആർ.ടി.സി സ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്ന് മേളയിലേക്ക് പ്രത്യേകം ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗാർത്ഥികളുടെ സംശയനിവാരണത്തിനായി കോൾ സെന്ററും പ്രവർത്തിക്കും. ഗൾഫിലേക്ക് ഉള്ള പ്രത്യേക റിക്രൂട്ട്‌മെന്റ് മെയ് മാസം മൂന്നാമത്തെ ആഴ്ചയിൽ സംഘടിപ്പിക്കും. തെരഞ്ഞെടുത്ത കമ്പനികൾക്ക് വേണ്ടിയുള്ള ഓൺലൈൻ ജോബ് ഫെയറുകൾ എല്ലാ ശനിയാഴ്ചകളിലും തൃശ്ശൂർ എൻജിനീയറിങ് കോളേജിൽ നടന്നുവരികയാണ്.

തൃശ്ശൂർ കോർപ്പറേഷന്റെ സിൽവർ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് മെയ് 18 മുതൽ 24 വരെ തേക്കിൻകാട് മൈതാനത്ത് പ്രത്യേക തൊഴിൽമേളകൾ സംഘടിപ്പിക്കും. 10,000 പേർക്ക് നൈപുണ്യ പരിശീലനം നൽകി ജോലി ലഭ്യമാക്കുന്നതിന് 25 ലക്ഷം രൂപയുടെ പദ്ധതിയാണ് കോർപ്പറേഷൻ ആവിഷ്‌കരിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാർ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേകം റിക്രൂട്ട്‌മെന്റ് ഡ്രൈവുകളും സംഘടിപ്പിക്കും.

 വാർത്താസമ്മേളനത്തിൽ എ.സി മൊയ്തീൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസ്, വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ അഡ്വൈസർ ഡോ. ടി.എം തോമസ് ഐസക്,  വിജ്ഞാന കേരളം ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.വി ജ്യോതിഷ് കുമാർ, കില ജില്ലാ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ സിതാര  തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

date