Skip to main content

കടല്‍ഭിത്തിക്ക് 35 കോടി ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്‌നേഹാദരവുമായി എടവനക്കാട് ഗ്രാമ പഞ്ചായത്ത്

രൂക്ഷമായ കടലാക്രമണം തടയാന്‍ കല്‍ഭിത്തി നിര്‍മ്മിക്കാന്‍ 35 കോടി രൂപ അനുവദിപ്പിച്ച ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്‌നേഹാദരം നല്‍കി എടവനക്കാട് ഗ്രാമ പഞ്ചായത്ത്. ഹൈബി ഈഡന്‍ എം.പി, കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഡെപ്യൂട്ടി കലക്ടര്‍ കെ. മനോജ്, ജിഡ സെക്രട്ടറി രഘുരാമന്‍ എന്നിവരെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. 

 

ജനങ്ങളും ജനപ്രതിനിധികളും ഉദ്ധ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നാല്‍ സാധ്യമാകാത്ത വികസനങ്ങള്‍ ഒന്നുമില്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കേരള ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു ജിഡയുടെ ഫണ്ടില്‍ നിന്നു 35 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്. 

 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുല്‍സലാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം പി.എന്‍ തങ്കരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ഇഖ്ബാല്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സുദേഷ് എം. രഘു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിസിനി പ്രദീഷ്‌കുമാര്‍, പി.ബി സാബു, കൊച്ചുത്രേസ്യ നിഷില്‍, പഞ്ചായത്തംഗങ്ങളായ സജിത്ത്കുട്ടന്‍, കെ.ജെ ആല്‍ബി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ ഷാജി, പഞ്ചായത്ത് സെക്രട്ടറി എം.എസ് പ്രീത തുടങ്ങിയവര്‍ സന്നിഹിതരായി.

date