Skip to main content
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി നാഗമ്പടം മൈതാനത്ത് വ്യാഴാഴ്ച മുതൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന-വിപണനമേളയുടെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിലയിരുത്തുന്നു

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷം ........................................................................... എന്റെ കേരളം പ്രദർശന-വിപണനമേള വ്യാഴാഴ്ച മുതൽ നാഗമ്പടത്ത്; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും

​- കോട്ടയം കാണുന്ന ഏറ്റവും വലിയ പ്രദർശന-വിപണന മേള
- മേള ഏപ്രിൽ 24 മുതൽ 30 വരെ
- ഏപ്രിൽ 24ന് സാംസ്‌ക്കാരിക ഘോഷയാത്ര
- പ്രവേശനം സൗജന്യം
- പ്രശസ്തരുടെ കലാവിരുന്നുകൾ

കോട്ടയം: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി 'എന്റെ കേരളം' പ്രദർശന-വിപണനമേള ഏപ്രിൽ 24 (വ്യാഴാഴ്ച) മുതൽ 30 വരെ നാഗമ്പടം മൈതാനത്തു നടക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാതല സംഘാടക സമിതി ജനറൽ കൺവീനറുമായ ജോൺ വി. സാമുവൽ അറിയിച്ചു. മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെയും 'എന്റെ കേരളം' പ്രദർശന-വിപണനമേളയുടെയും ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 24ന് വൈകീട്ട് നാലിന് നാഗമ്പടം മൈതാനത്ത് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആധ്യക്ഷ്യം വഹിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി ഏപ്രിൽ 24ന് ഉച്ചകഴിഞ്ഞ് 2.30ന് തിരുനക്കര മൈതാനത്തുനിന്നു നാഗമ്പടം മൈതാനത്തേക്ക് സാംസ്‌ക്കാരികഘോഷയാത്ര സംഘടിപ്പിക്കും.
മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45000 ചതുരശ്ര അടി ശീതീകരിച്ച പവലിയൻ ഉൾപ്പെടെ 69000 ചതുരശ്ര അടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.  
കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം കാഴ്ചവയ്്ക്കുന്ന വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെ പ്രദർശനം, ആധുനികസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കാർഷിക പ്രദർശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികൾ, മെഗാ ഭക്ഷ്യമേള,
വിവിധ തൊഴിലുകളിലേർപ്പെട്ടിട്ടുള്ളവരുടെയും സവിശേഷപരിഗണന അർഹിക്കുന്നവരുടെയും സംഗമങ്ങൾ, കായിക-വിനോദപരിപാടികൾ, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തൽ, ടൂറിസം-കാരവൻ ടൂറിസം പ്രദർശനം, സ്റ്റാർട്ടപ്പ് മിഷൻ പ്രദർശനം, ശാസ്ത്ര-സാങ്കേതിക പ്രദർശനങ്ങൾ, സ്‌പോർട്‌സ് പ്രദർശനം, സ്‌കൂൾ മാർക്കറ്റ്, കായിക-വിനോദ പരിപാടികൾ, പൊലീസ് ഡോഗ് ഷോ, മിനി തിയേറ്റർ ഷോ എന്നിവ മേളയുടെ ഭാഗമാകും. വിവിധ വകുപ്പുകൾ സൗജന്യമായി സർക്കാർ സേവനങ്ങൾ ലഭ്യമാക്കും.
ഉദ്ഘാടന ചടങ്ങിൽ എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. ചാണ്ടി ഉമ്മൻ എന്നിവർ വിശിഷ്ടാതിഥികളാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാർ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കേരള വനം വികസന കോർപറേഷൻ ചെയർപേഴ്‌സൺ ലതിക സുഭാഷ്, കേരള പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഒ.പി. അബ്ദുൾ സലാം, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ അഡ്വ. ആർ. രാജേന്ദ്രൻ, പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ ചെയർമാൻ ജാസി ഗിഫ്റ്റ്, കേരള റബർ ലിമിറ്റഡ് ചെയർപേഴ്‌സൺ ഷീല തോമസ്, സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ, കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, കോട്ടയം നഗരസഭാംഗം സിൻസി പാറയിൽ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, വിവര-പൊതുജനസമ്പർക്കവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.പി. അശ്വതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ആർ. രഘുനാഥൻ, അഡ്വ. വി.ബി. ബിനു, പ്രൊഫ. ലോപ്പസ് മാത്യു, നാട്ടകം സുരേഷ്, അസീസ് ബഡായിൽ, ബെന്നി മൈലാടൂർ, എം.ടി. കുര്യൻ, ജെയ്‌സൺ ഒഴുകയിൽ, ജിയാഷ് കരീം, നിബു ഏബ്രഹാം, പ്രശാന്ത് നന്ദകുമാർ, ഔസേപ്പച്ചൻ തകടിയേൽ, സണ്ണി തോമസ്, മാത്യൂസ് ജോർജ്, ടോമി വേദഗിരി എന്നിവർ പങ്കെടുക്കും.

സംഗമങ്ങൾ, ആദരിക്കൽ

മേളയോടനുബന്ധിച്ചു വിവിധ തൊഴിൽ മേഖലകളിലേർപ്പെട്ടിട്ടുള്ളവരുടെയും ഭിന്നശേഷി കലാനിപുണരുടെയും സംഗമങ്ങൾ നാഗമ്പടം മൈതാനത്തെ വേദിയിൽ നടക്കും. ഏപ്രിൽ 25ന് രാവിലെ 10.30 മുതൽ 12 വരെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധസംഗമം നടക്കും. ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെ സാമൂഹിക നീതി വകുപ്പിന്റെ നേൃത്വത്തിൽ ഭിന്നശേഷി കലാനിപുണരുടെ സംഗമം നടക്കും. ഏപ്രിൽ 27ന് രാവിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആശാ-ആരോഗ്യ പ്രവർത്തകരുടെ സംഗമവും ആദരിക്കലും നടക്കും. ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെ ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകസംഗമം നടക്കും. ഏപ്രിൽ 28നു രാവിലെ 10.30 മുതൽ 12.00 മണിവരെ തദ്ദേശ സ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ ഹരിതകർമസേന സംഗമവും ആദരിക്കലും നടക്കും. ഉച്ചകഴിഞ്ഞ് 1.30മുതൽ 3.30 വരെ കാർഷികവികസന-കർഷകക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ കർഷക-കർഷകത്തൊഴിലാളി സംഗമം നടക്കും. ഏപ്രിൽ 30ന് രാവിലെ 10.30 മുതൽ 12.00 വരെ വനിത-ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാരുടെ സംഗമവും ഉച്ചകഴിഞ്ഞു 1.30 മുതൽ 3.30 വരെ തദ്ദേശ സ്വയംഭരണവകുപ്പ്, ലൈഫ് മിഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും സംഘടിപ്പിക്കും.

ഹൃദയംകവരാൻ പ്രശസ്തരുടെ കലാപരിപാടികൾ

മേളയുടെ ഭാഗമായി ഏപ്രിൽ 24 മുതൽ 30 വരെ വൈകിട്ട് മുഖ്യവേദിയിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന കലാവിരുന്ന് ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 24ന് വൈകിട്ട് 6.30ന് ഗ്രൂവ് ബാൻഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ. ഏപ്രിൽ 25ന് വൈകിട്ട് 6.30ന് അക്മ-കൊച്ചിൻ ആരോസ് മെഗാഷോ, ഏപ്രിൽ 27ന് വൈകിട്ട് 6.30ന് രൂപാ രേവതി വയലിൻ ഫ്യൂഷൻ, ഏപ്രിൽ 28ന് വൈകിട്ട് 6.30ന് അൻവർ സാദത്തിന്റെ മ്യൂസിക് നൈറ്റ്, ഏപ്രിൽ 29ന് വൈകിട്ട് 6.30ന് വൈക്കം മാളവിക അവതരിപ്പിക്കുന്ന നാടകം 'ജീവിതത്തിന് ഒരു ആമുഖം' എന്നിവ നടക്കും. ഏപ്രിൽ 30ന് വൈകിട്ട് അഞ്ചിന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും നടക്കും. വൈകിട്ട് 7.30ന് സൂരജ് സന്തോഷ് ബാൻഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയോടെ മേളയ്ക്കു കൊടിയിറങ്ങും.

സമാപനസമ്മേളനം ഏപ്രിൽ 30ന്

ഏന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനസമ്മേളനം ഏപ്രിൽ 30
വൈകീട്ട് നാലിന് നാഗമ്പടം മൈതാനത്തു നടക്കും. സമ്മേളനം ഉദ്ഘാടനവും പുരസ്‌കാരവിതരണവും സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആധ്യക്ഷ്യം വഹിക്കും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ മുഖാമുഖം ഏപ്രിൽ 29ന്

ജില്ലയിലെ വിവിധ മേഖലകളിൽനിന്നുള്ളവരുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം ഏപ്രിൽ 29ന് രാവിലെ 10.30 മുതൽ 12.30 വരെ കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ പ്രതിനിധികൾ, ട്രേഡ് യൂണിയൻ-തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, അധ്യാപകർ, വ്യവസായികൾ, പ്രവാസികൾ, പ്രശസ്ത വ്യക്തികൾ, പൗരപ്രമുഖർ, സാമുദായിക നേതാക്കൾ, കർഷകതൊഴിലാളികൾ, കർഷകർ തുടങ്ങി വിവിധ മേഖലയിൽനിന്നുള്ള അഞ്ഞൂറിലധികം പേർ മുഖാമുഖത്തിൽ പങ്കെടുക്കും.

date