Skip to main content

വജ്രജൂബിലി ഫെല്ലോഷിപ്പ്': സംസ്ഥാനത്ത്  ഏറ്റവുമധികം അംഗങ്ങളുള്ളത് ജില്ലയില്‍

 

കാക്കനാട് : സാംസ്‌കാരികവകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവുമധികം അംഗങ്ങളുള്ളത് എറണാകുളം ജില്ലയില്‍.  കേരളത്തിലെ തനത് ക്ലാസ്സിക്കല്‍ കലാരൂപങ്ങളുടെ പരിപോഷണത്തിനും സുകുമാരകലകളില്‍ നിശ്ചിതയോഗ്യത നേടിയ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും യുവമനസ്സുകളില്‍ കലാഭിമുഖ്യം വളര്‍ത്താനും ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ചതാണ് പദ്ധതി. 

പദ്ധതിയുടെ ആദ്യജില്ലാതല യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ ആസൂത്രണസമിതി അംഗം അഡ്വ.കെ.വൈ.ടോമി അധ്യക്ഷത വഹിച്ചു.  പദ്ധതിയുമായി സഹകരിക്കാന്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.  സാംസ്‌കാരിക വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അജിത് ബാബു പദ്ധതി പരിചയപ്പെടുത്തി.  കേരളത്തിലെ നാല്‍പ്പത്തഞ്ചോളം തനത് കലാരൂപങ്ങളിലായി 1000 കലാകാരന്മാരെ സംസ്ഥാനത്തുടനീളം തെരഞ്ഞെടുത്തതായും 982 പേരെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി വിന്യസിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എസ്.പീതാംബരന്‍, ഡോ.കെ.കെ.ജോഷി, ജയ സോമന്‍, ഗൗരി വേലായുധന്‍, സി.കെ.മുംതാസ്, ഏലൂര്‍ നഗരസഭാധ്യക്ഷ സി.പി.ഉഷ, അങ്കമാലി നഗരസഭ കൗണ്‍സിലര്‍ കെ.ആര്‍.സുബ്രന്‍, പെരുമ്പാവൂര്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ലിറ്റി മാത്യു, ഡപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ അനിത ഏലിയാസ്, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് ബാസ്റ്റിന്‍, ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റര്‍ കെ.കെ.രവി, വജ്രജൂബിലി ഫെല്ലോഷിപ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ കവിത, ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.  ഫെല്ലോഷിപ്പ് കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.   

date