ചരിത്രചിത്ര പ്രദര്‍ശനത്തിന് തിരക്കേറുന്നു
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അടൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ വിവരപൊതുജന സമ്പര്‍ക്ക വകുപ്പ് ഒരുക്കിയിരിക്കുന്ന ചരിത്രചിത്ര പ്രദര്‍ശനത്തില്‍ വന്‍തിരക്ക്. നവോത്ഥാന കാലത്തെ നിലനിന്നിരുന്ന വിവിധ അനാചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ഉത്തരവുകളുടേയും പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൂര്‍വിക സമൂഹത്തിന് നേരിടേണ്ടി വന്ന അടിമത്ത സമാന തീണ്ടാപാടുകള്‍ പുതുതലമുറയ്ക്ക് പുനര്‍ വിചിന്തനത്തിനുള്ള വേദി കൂടിയാണിത്. അധകൃത വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ അടിച്ചമര്‍ത്തി മേലാധികാരികള്‍ ഭരണം കാഴ്ചവെക്കുമ്പോളും ഈ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതിനായി ജാതിഭേദമന്യേ സ്്ത്രീകള്‍ ഒന്നിച്ചിരുന്നുവെന്ന് ചരിത്രത്തില്‍ വെളിവാകുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവായ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ കല്ലുമാല പൊട്ടിച്ചെറിയല്‍, മാറുമറയ്ക്കല്‍ കലാപം, സ്വര്‍ണ്ണ മൂക്കൂത്തിയുമായി പ്രതിഷേധം, അച്ചിപ്പുടവ ധരിച്ച് പ്രതിഷേധം ഇങ്ങനെ നീളുന്നു ചരിത്രത്താളുകളില്‍ സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടങ്ങള്‍. അന്തര്‍ജനമെന്നോ നായര്‍, ഈഴവ, പുലയര്‍, പാണര്‍ എന്നിങ്ങനെ തരംതിരിവില്ലാതെ കാര്‍ക്കശ്യ നിലപാടുകളുമായി ഇവര്‍ ഒന്നിച്ച് സമരരംഗത്തുണ്ടായിരുന്നു. അവര്‍ണ-സവര്‍ണ വേര്‍തിരിവിന്റെ മതിലുകള്‍ ഭേദിച്ച നവോത്ഥാനം ഉയര്‍ത്തിയതിന് പിന്നില്‍ ശക്തമായ സ്ത്രീസാന്നിധ്യവും ഉണ്ടായിരുന്നുവെന്ന് ചരിത്രപ്രദര്‍ശനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
- Log in to post comments