Skip to main content

എന്റെ കേരളം പ്രദർശന വിപണന കലാമേള: ജനകീയമായി സേവന സ്റ്റാളുകള്‍

 

സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ ജനകീയമായി വിവിധ വകുപ്പുകളുടെ പ്രവർത്തനം. സൗജന്യ ആധാര്‍ അധിഷ്ഠിത സേവനം മുതല്‍ പൊതുവിപണി നിയന്ത്രണം വരെയുളള ജനപ്രിയ ഇടപെടലുകളുമായി മേള സന്ദര്‍ശകരുടെ മനം കവര്‍ന്നു. ശബരിമല ഇടത്താവളത്തില്‍ ഒരാഴ്ച നീണ്ടുനിന്ന മേള മേയ് 22 ന് കൊടിയിറങ്ങിയപ്പോള്‍  സംതൃപ്തിയിലാണ് പൊതുജനവും വകുപ്പ് ഉദ്യോഗസ്ഥരും.  
എന്റെ കേരളം മേളയില്‍ 186  സ്റ്റാളുകളാണ് വിവിധ വകുപ്പുകള്‍ ഒരുക്കിയത്. ആധാര്‍ അധിഷ്ഠിത സേവനം നല്‍കിയ ഐ.ടി മിഷന്‍, അക്ഷയ സ്റ്റാളുകളിലായി 2200 ലധികം സൗജന്യ സേവനം ലഭ്യമായി. പുതിയ ആധാര്‍ എടുക്കുന്നത്, കാര്‍ഡിലെ തെറ്റ് തിരുത്തല്‍, പുതുക്കല്‍, റേഷന്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനവും ഡിജിലോക്കറും ഐ ടി മിഷന്‍ ഒരുക്കിയിരുന്നു.

പൊതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടലിന്റെ നേര്‍കാഴ്ചയായിരുന്നു സപ്ലൈകോ.  ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് സമ്മാനിച്ച് സപ്ലൈകോ  മേളയിലെ ഏറ്റവും തിരക്കേറിയ സ്റ്റാളുകളില്‍ ഒന്നായി.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 825 യു.എച്ച്.ഐ.ഡി കാര്‍ഡുകളടക്കം 1945 പേര്‍ക്ക് മേളയില്‍ സൗജന്യമായി ആരോഗ്യ സേവനം ലഭ്യമാക്കി. യു എച്ച് ഐ ഡി അടിസ്ഥാനമാക്കി വ്യക്തിയുടെ എല്ലാ ആരോഗ്യ വിവരങ്ങളും കമ്പ്യൂട്ടര്‍ അധിഷ്ഠിത നെറ്റ് വര്‍ക്ക് വഴി ഏത് ആശുപത്രികളിലും ലഭ്യമാക്കുന്നതിനാല്‍ കൃത്യമായ ചികിത്സ ഉറപ്പു വരുത്താനാകും.  850 പേര്‍ക്ക് ജീവിതശൈലി രോഗനിര്‍ണയ പരിശോധന സൗജന്യമായി നടത്തി. ഇ- ഗ്രാന്റസ്, ടി ഗ്രാന്റസ് ക്ലിനിക്കുകളിലൂടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും ചികിത്സാ ധനസഹായത്തിനുമുള്ള സൗജന്യ സേവനം പട്ടികജാതി വകുപ്പും നല്‍കി. ജലവിഭവ വകുപ്പ്  ഒരുക്കിയ സൗജന്യ കുടിവെള്ള പരിശോധനയിൽ  241 പേര്‍ സേവനം ഉപയോഗിച്ചു.
നൂറിലധികം രക്ഷിതാക്കള്‍ക്ക് സാമൂഹിക നീതി വകുപ്പ് സൗജന്യ കൗണ്‍സിലിംഗ് ഏര്‍പെടുത്തി. കൂടാതെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗ്ലൂക്കോമീറ്ററും സൗജന്യമായി നല്‍കി.  

സേവനം സംബന്ധിച്ച സംശങ്ങള്‍ക്ക് മറുപടി കെഎസ്ഇബി ഒരുക്കിയ സ്റ്റാളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിച്ചു. ബി. എസ്. എന്‍. എൽ സ്റ്റാളിലൂടെ 260 പേര്‍ക്ക് സൗജന്യമായി പുതിയ സിം നല്‍കി. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒരുക്കിയ സ്റ്റാളിലൂടെ  രജിസ്‌ട്രേഷന്‍ പുതുക്കലും നടത്തി. റവന്യൂ വകുപ്പ്, സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വേയുമായി സംബന്ധിച്ചുള്ള സംശയത്തിന് മറുപടി നല്‍കി.

സേനയുടെ കരുത്ത് തെളിയിക്കുന്ന വിവിധതരം തോക്കുകളും ആയുധങ്ങളും പൊലിസ് സ്റ്റാളില്‍ പ്രദര്‍ശിപ്പിരുന്നു.ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനം, വയര്‍ലെസ് സംവിധാനം, ടെലികമ്യൂണിക്കേഷന്‍ വിഭാഗം തുടങ്ങിയ വിവരങ്ങളും വകുപ്പ് നല്‍കി. സുരക്ഷ മുന്‍ നിര്‍ത്തി സ്വയം പ്രതിരോധം ലക്ഷ്യമാക്കി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തി നടത്തിയ വിശദീകരണ ക്ലാസും സന്ദര്‍ശകര്‍ക്ക് അറിവ് നല്‍കി.

 അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണവും അവബോധവും  പരിചയപ്പെടുത്തിയാണ് അഗ്‌നിരക്ഷാ സേനയുടെ സ്റ്റാള്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. 

അപകട സാഹചര്യത്തിൽ പ്രവർത്തിപ്പിക്കുന്ന ഹൈഡ്രലിക്ക് ഉപകരണവും ബ്ലോവർ, ഫയർ ഫൈറ്റിംഗ് ബ്രാഞ്ചുകൾ, ന്യൂമാറ്റിക്ക് എയർ ബാഗ്‌, അത്യാധുനിക സ്വയം രക്ഷാ ഉപകരണം, ഫ്ളോട്ടിംഗ് പമ്പ്, ലൈഫ് ഡിക്ടറ്റർ,  ഫയർ ബോൾ, സ്‌കൂബ, പി പി ഇ കിറ്റ്, കെമിക്കൽ സ്യൂട്ട്, ഫ്ലോട്ടിങ് സ്ടെക്ച്ചർ എന്നീ ജീവൻ രക്ഷാ ഉപകരണങ്ങളാണ് സ്റ്റാളിൽ പ്രദർശിപ്പിച്ചു. അപകടങ്ങളിൽ എങ്ങനെ പ്രാഥമിക ചികത്സ നൽകാം,  അടിസ്ഥാന ജീവൻരക്ഷ, റോപ്പ് റെസ്ക്യൂ തുടങ്ങിയ ബോധവൽക്കരണവും നൽകി. 

എക്‌സൈസ് വകുപ്പൊരുക്കിയ സ്റ്റാളില്‍ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികൾ നടന്നു. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ബോധവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കി. ലഹരി വില്‍പനക്കാരെക്കുറിച്ചും കൈവശം വയ്ക്കുന്നവരെ കുറിച്ചും പേര് വെളിപ്പെടുത്താതെ അറിയിക്കാനുള്ള അവസരവും സീക്രട്ട് ബോക്സിലൂടെ ഒരുക്കി. വനിതാ ശിശു വികസന വകുപ്പ് , ജിഎസ്ടി, ഭാരതീയ ചികിത്സ , ഫിഷറീസ്, ഹോമിയോ, മണ്ണ് സംരക്ഷണം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, പട്ടികവര്‍ഗ വികസനം തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളില്‍ വിവിധ പദ്ധതി, സേവനം എന്നിവ പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയാനുള്ള അവസരം നൽകി.
 

date