Skip to main content
ഡയപ്പർ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കലക്ടർ എഹ്‌തെദ മുഫസിർ നിർവഹിക്കുന്നു.

പ്രതീക്ഷയുടെ കരങ്ങൾ കാത്ത്.... ഡയപ്പർ ക്യാമ്പയിന് തുടക്കമായി

സമഗ്ര ശിക്ഷാ കേരളം കണ്ണൂർ, ജൂനിയർ ചേംബർ ഇന്റർനാഷണൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഡയപ്പർ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കലക്ടർ എഹ്‌തെദ മുഫസിർ നിർവഹിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന ജില്ലയിലെ കുട്ടികൾക്ക് ആവശ്യമായ ഡയപ്പർ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കിടപ്പിലായ കുട്ടികൾക്ക് വീടുകളിലെത്തി വിദ്യാഭ്യാസം നൽകുക എന്നത് അവരുടെ ജീവിതത്തെ തൊട്ടറിയുന്നതിന് തുല്യമാണെന്നും ആരുമറിയാതെ പോകുന്ന ആവശ്യങ്ങൾ കണ്ടറിഞ്ഞ് അതിനുവേണ്ടി പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുന്നുവെന്നും അസിസ്റ്റന്റ് കലക്ടർ പറഞ്ഞു. കിടപ്പു രോഗികളും ഭിന്നശേഷിക്കാരുമായ നിരവധി വിദ്യാർഥികളാണ് ഡയപ്പർ ഇല്ലാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. ദിവസേന ഉപയോഗിക്കുന്ന എട്ട് ഡയപ്പറുകൾക്ക് 4000 രൂപവരെ ചെലവുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കൾക്ക് ഇത്തരം ചെലവുകൾ ബുദ്ധിമുട്ടേറിയതാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഹാൻഡ് ഓഫ് ഹോപ്പ് എന്ന പേരിൽ എസ് എസ് കെയുടെയും ജെസിഐ യുടെയും നേതൃത്വത്തിൽ ഡയപ്പർ ശേഖരണം നടത്തുന്നതെന്ന് എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഇ.സി വിനോദ് പറഞ്ഞു. എസ്എസ്‌കെ ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ പി.കെ സബിത്ത്, വിദ്യാകിരണം കോ-ഓർഡിനേറ്റർ കെ.സി സുധീർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എൻ.എസ് ധന്യ, ജെസിഐ ജോയിന്റ് ഡയറക്ടർ ഡോ. മേഘ പോത്തൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ്, ജെസിഐ പ്രതിനിധികളായ സംഗീത അഭയ്, സവിത ഭാസ്‌കർ, മാജിത, സുറുമി, രശ്മി, റിനിഷ, മേഘ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date