മന്ത്രി പി പ്രസാദിനൊപ്പം ഗാനമാലപിച്ചും ഓർമ്മകൾ പങ്കിട്ടും വയോജനങ്ങൾ - മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണം മന്ത്രി ഉദ്ഘാടനം ചെയ്തു
'മനസ്സ് നന്നാവട്ടെ മതമേതെങ്കിലും ആവട്ടെ' എന്ന ഗാനം ആലപ്പുഴയുടെ പ്രിയ വിപ്ലവ ഗായിക പി.കെ മേദിനി ഉറക്കെ പാടിയപ്പോൾ പ്രായത്തിൻ്റെ അവശതകൾ മറന്ന് വയോജനങ്ങളും അവർക്കൊപ്പം മന്ത്രി പി. പ്രസാദും ആവേശത്തോടെ ഏറ്റുപാടി. മായിത്തറ ഗവ. വൃദ്ധസദനത്തിൽ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിൻ്റെ ഉദ്ഘാടന വേദി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിൻ്റെ നേതൃത്വത്തിൽ വയോജനങ്ങളുടെ സന്തോഷത്തിൻ്റെയും ഓർമ്മകളുടെ ഭൂതകാലത്തിലേക്കുമുള്ള യാത്രയുമായി മാറി.
രാവിലെ തങ്ങൾക്ക് ഏറെ സുപരിചതനായ ചേർത്തലയുടെ സ്വന്തം മന്ത്രിയെ കണ്ടപ്പോൾ അന്തേവാസികളെല്ലാം കുശലാന്വേഷണവുമായി മന്ത്രിക്കൊപ്പം വട്ടം കൂടി ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചു .
വയോജനങ്ങൾ സമൂഹത്തിൻ്റെ ആദരവും സംരക്ഷണത്തിനും ഏറ്റവും അർഹതയുള്ളവരാണെന്നും അത് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സമൂഹത്തിലും വീടുകളിലും അവർക്ക് ഒരു ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ കാലഘട്ടം മുതൽ ഓരോ വ്യക്തിയും മുതിർന്നവരെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്നും അതിനായി സർക്കാർ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പുതുതലമുറയും നാളെ മുതിർന്ന പൗരൻമാരായി മാറും എന്ന ബോധ്യമുണ്ടാകണമെന്നും അതിനാൽ വീട്ടിലെ പ്രായമായവർക്ക് സംരക്ഷണവും സന്തോഷവും നൽകാൻ യാതൊരുവിധ മടിയും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
കായിക താരങ്ങളായ മുതിർന്ന പൗരന്മാർ നയിക്കുന്ന ദീപശിഖാ റാലിയും പരിപാടിയുടെ ഭാഗമായി നടന്നു. പുന്നപ്ര- വയലാർ സമര സേനാനിയും സംസ്ഥാന വനിതാ രത്ന അവാർഡ് ജേതാവുമായ പി കെ മേദിനി ദീപശിഖ വയോസേവന പുരസ്ക്കാര ജേതാവ് കെ. വാസന്തിക്ക് കൈമാറി. റാലി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ജി മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. കെ. വാസന്തി, തങ്കമ്മ, പൊന്നമ്മ, ഹരികൃഷ്ണൻ, തങ്കച്ചൻ, വിനീത് തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.
വി ജി മോഹനൻ അധ്യക്ഷനായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ സിനിമോൾ സാംസൺ, സുദർശനഭായ്, ചേർത്തല തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിബു എസ് പത്മം, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത തിലകൻ , കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ദാസപ്പൻ , ജില്ലാ സാമൂഹ്യനീതി ഓഫീസർ എ ഒ അബീൻ, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ ജി. മോനി, സി. വാമദേവ്, ബി ശ്രീലത, സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പ്രതിനിധി സി കെ സുകുമാരൻ, വൃദ്ധസദനം സൂപ്രണ്ട് ഐഷാ ബീവി തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments