ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവർക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 50,000 രൂപയാണ് ധനസഹായം അനുവദിക്കുന്നത്. വീടിന്റെ വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ, ശാരീരിക മാനസിക വെല്ലുവിളിയുള്ള കുട്ടികളുള്ളവർ, പെൺകുട്ടികൾ മാത്രമുള്ളവർ, മക്കളില്ലാത്തവർ തുടങ്ങിയവർക്ക് മുൻഗണന. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് സ്ഥിരവരുമാനം ഉള്ളവരോ പത്ത് വർഷത്തിനുള്ളിൽ ഭവന നിർമാണത്തിന് സഹായം ലഭിച്ചവരോ ആകരുത് അപേക്ഷകർ.
പ്രത്യേകം തയ്യാറാക്കിയ അപേക്ഷയോടൊപ്പം നികുതി സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ പകർപ്പ്, വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്ന സാക്ഷ്യപത്രം, പത്തുവർഷത്തിനുള്ളിൽ ഭവന പുനരുദ്ധാരണ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. അപേക്ഷകൾ കളക്ട്രേറ്റിലെ ന്യൂനപക്ഷ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ ജനറൽ, ജില്ല ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ജില്ലാ കളക്ട്രേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷാഫോറം https://minoritywelfare.kerala.gov.in/ എന്ന സൈറ്റിൽ നിന്നും ലഭിക്കും. ജൂലൈ 31 വരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ- 0487 2239530.
- Log in to post comments