നശാ മുക്ത് ഭാരത് അഭിയാന്‍; എസ്.പി.സി മിക്സഡ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് 27, 28 തീയ്യതികളില്‍
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നശാ മുക്ത് ഭാരത് അഭിയാന്‍, സാമൂഹ്യ നീതി വകുപ്പ്, ജില്ലാ പോലീസ് കാസര്‍കോട്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പ്രോജക്ട് കാസര്‍കോട് എന്നിവയുടെ സംയുക്ത അഭിമുഖ്യത്തില്‍ 'ലഹരി കളിക്കളങ്ങളോട് എന്ന സന്ദേശമുയര്‍ത്തി എസ്.പി.സി മിക്സഡ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ജില്ലയിലെ സീനിയര്‍ സൂപ്പര്‍ സീനിയര്‍ എസ്.പി.സി കാഡെറ്റുകള്‍ക്കായി നടത്തുന്ന മല്‍സരത്തില്‍ 26 ടീമുകള്‍ മാറ്റുരയ്ക്കും. ഒരു ടീമില്‍ നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമായിരിക്കും. കാസര്‍കോട് വിദ്യാഭ്യാസ ജില്ല മത്‌സരം ജൂണ്‍ 27 ന് കാഞ്ഞങ്ങാടും, സെമി ഫൈനല്‍ ഫൈനല്‍ മല്‍സരങ്ങള്‍ 28 ന് വൈകുന്നേരം കാസര്‍കോട് പോലീസ് ടര്‍ഫിലും നടക്കും.
ലഹരിക്ക് പിറകെ പോകുന്ന യുവതയെ കളിക്കളങ്ങളിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബോധവല്‍ക്കരണ റാലിയും മാര്‍ച്ച് പാസ്റ്റും ജില്ലാ പോലീസ് മേധാവി ബി വി വിജയഭാരത് റെഡ്ഡി ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്യും. ഫുട്ബോള്‍ മല്‍സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ എസ് പി ദേവദാസന്‍ സി.എം, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസര്‍ ആര്യ പി രാജ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.വി മധുസൂദനന്‍, കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments