Skip to main content

എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ചു

 

 

 ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയതിനെത്തുടർന്ന് എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ തട്ടകത്തമ്മ എന്ന വള്ളവും അതിലുണ്ടായിരുന്ന 40 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. 

 

ചേറ്റുവ കടലില്‍ നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ വാടാനപ്പള്ളി തെക്ക്-പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ പ്രവർത്തനം നിലച്ച് കുടുങ്ങിയ കഴിമ്പ്രം സ്വദേശി ഇരിങ്ങാതിരുത്തി മണി എന്നയാളുടെ തടകത്തമ്മ എന്ന ഇൻ ബോർഡ് വള്ളവും കഴിമ്പ്രം, വലപ്പാട് സ്വദേശികളായ 40 മത്സ്യത്തൊഴിലാളികളെയുമാണ് കരയിലെത്തിച്ചത്.

 

 വെള്ളിയാഴ്ച ഉച്ചയോടെ മത്സ്യബന്ധന വള്ളവും തൊഴിലാളികളും കടലില്‍ എഞ്ചിൻ നിലച്ച് കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നിര്‍ദേശ പ്രകാരം 

മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസ് വിങ് ഓഫീസർമാരായ വി.എം ഷൈബു, വി.എൻ പ്രശാന്ത്കുമാർ, ഇ.ആർ ഷിനിൽകുമാർ, മുനക്കകടവ് തീരദേശ പോലീസ് സ്റ്റേഷനിലെ സിപിഒ അവിനാഷ്, റസ്‌ക്യൂ ഗാര്‍ഡ്മാരായ ഷിഹാബ്, അജിത്ത്, കൃഷ്ണപ്രസാദ്, ബോട്ട് സ്രാങ്ക് റസാക്ക്, ഡ്രൈവർ റഷീദ് മുനക്കകടവ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

 

മത്സ്യ ബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്തണമെന്നും രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ മുനക്കകടവിലും അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷൻ സജ്ജമാണെന്നും തീർത്തും സൗജന്യമായാണ് സർക്കാർ ഈ സേവനം നൽകുന്നതെന്നും തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ മജീദ് പോത്തനൂരാൻ അറിയിച്ചു.

 

date