Skip to main content

പുതിയ നാലുവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ വിജ്ഞാനോത്സവം സംഘടിപ്പിക്കും: മന്ത്രി ആർ. ബിന്ദു

 

 

നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ 2025-26 ബാച്ച് ആരംഭിക്കുന്ന ജൂലൈ ഒന്നിന് സംസ്ഥാനത്തെ മുഴുവൻ സർക്കാർ / എയ്‌ഡഡ് / സ്വാശ്രയ കോളേജുകളിലും വിജ്ഞാനോത്സവം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തൃശൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

 വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ഒന്നിന് രാവിലെ പത്തു മണിക്ക് കോഴിക്കോട് സർക്കാർ ആർട്‌സ് ആൻ്റ് സയൻസ് കോളേജിൽ മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. 

 

കേരളത്തിന്റെ കലാലയങ്ങളിൽ ഒരു യുഗപരിവർത്തനമാണ് നാലുവർഷ ബിരുദത്തിലേക്കു കൂടി പ്രവേശിച്ചതോടെ ഉണ്ടായിരിക്കുന്നത്.

2024 ജൂലൈ ഒന്നിനാണ് കേരളത്തിൽ ആദ്യമായി, സംസ്ഥാനത്തെ എട്ട് സർവ്വകലാശാലാ ക്യാമ്പസുകളിലും തൊള്ളായിരത്തോളം കോളേജുകളിലുമായി, നാലുവർഷ ബിരുദം ആരംഭിച്ചത്. ഒരു വർഷം പിന്നിടുമ്പോൾ അക്കാദമിക് സമൂഹം വലിയ ആവേശത്തോടെ ഈ പദ്ധതിയെ സ്വീകരിച്ചതാണ് നമ്മുടെ അനുഭവമെന്ന് മന്ത്രി പറഞ്ഞു.

 

കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തിനായി, കൂടുതൽ അതിനെ വിപുലമാക്കുന്നതിനുള്ള ആസൂത്രണങ്ങളോടെ പുതിയ കലാലയ വർഷം ആരംഭിക്കുകയാണ്. നിലവിലെ വിദ്യാർത്ഥികൾ ആദ്യ രണ്ടു സെമസ്റ്ററുകൾ പൂർത്തീകരിച്ച് രണ്ടാംവർഷത്തിലേക്ക് കടക്കുകയുമാണ്. ചരിത്രത്തിലാദ്യമായി പരീക്ഷ കഴിഞ്ഞ് അടുത്ത സെമസ്റ്റർ തുടങ്ങുന്നതിനു മുമ്പുതന്നെ ഫലപ്രഖ്യാപനം എന്ന മാറ്റം യാഥാർത്ഥ്യമാക്കിക്കൊണ്ടാണ് നാലുവർഷ ബിരുദം ആരംഭിച്ചതിൽ പിന്നെയുള്ള വിദ്യാഭ്യാസ വർഷം പിറക്കുന്നത്. പരീക്ഷയും ഫലപ്രഖ്യാപനവുമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഏകീകൃതസ്വഭാവം കൈവരുത്തുന്ന ഏകീകൃത അക്കാദമിക് കലണ്ടർ വഴി വിദ്യാർത്ഥി സമൂഹത്തിൻ്റെ ദീർഘകാല ആവശ്യം നാം ഇതിനകം നിറവേറ്റിക്കഴിഞ്ഞു. അന്തർ സർവ്വകലാശാല മാറ്റത്തിനുള്ള അവസരം തുറന്നതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം വർദ്ധിതമായ തോതിൽ സംസ്ഥാനത്തേക്ക് വരുന്നതിന്റെ ആവേശകരമായ കാഴ്ചകൂടി പുതിയ അക്കാദമിക് വർഷത്തിനുണ്ട്.

 

 എൻ.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ രാജ്യത്തെ 200 ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിലെ 42 കലാലയങ്ങളുണ്ട്. 81 രാജ്യങ്ങളിൽ നിന്നായി 2600 ഓളം വിദ്യാർത്ഥികൾ കേരള സർവ്വകലാശാലയിൽ മാത്രം ഈ അക്കാദമിക വർഷം പ്രവേശനം നേടിയത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

 

പുതുപ്രവേശനത്തോടെ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട കോഴ്സുകൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പുതിയ മൈനർ കോഴ്സുകൾ തയ്യാറായിട്ടുണ്ട്. നൂതനവും, തൊഴിലും നൈപുണിയും ഉറപ്പു വരുത്തുന്നതും മേജർ വിഷയ പഠനത്തെ ആഴത്തിലാക്കാൻ സഹായിക്കുന്ന തരത്തിലുമുള്ള പുതിയ കോഴ്സുകളാണ് തയ്യാറായിരിക്കുന്നത്. രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ലഭിക്കുന്ന തരത്തിലുള്ള കോഴ്സുകൾ കേരളത്തിലെ കലാലയങ്ങളിലും ലഭ്യമാക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇതു വഴി. ഇങ്ങനെ, കൂടുതൽ വിദ്യാർത്ഥി സൗഹൃദപരമായ കരിക്കുലവും സിലബസും ഉറപ്പാക്കി, ജ്ഞാനത്തോടൊപ്പം നൈപുണിയും അഭിരുചിയും ഉറപ്പുവരുത്തുന്ന സംവിധാനമൊരുക്കിക്കൊണ്ട്, നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കുകയാണ് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ക്യാമ്പസുകൾ. വർണ്ണാഭമായ വിജ്ഞാനോത്സവത്തോടെയാണ് നവാഗതർക്ക് വരവേൽപ്പ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിചേർത്തു.

 

സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിനായി രൂപീകരിച്ച, അദ്ധ്യാപകരും വിദ്യാർത്ഥികളും അനദ്ധ്യാപക ജീവനക്കാരും രക്ഷിതാക്കളും അടങ്ങുന്ന സ്വാഗതസംഘത്തിൻ്റെ നേതൃത്വത്തിലാണ് വിജ്ഞാനോത്സവ പരിപാടികൾ അരങ്ങേറുക. ജനപ്രതിനിധികൾ, പ്രദേശവാസികൾ, അക്കാദമിക വിദഗ്ദ്ധർ, പൂർവ്വ വിദ്യാർത്ഥികൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഓരോ സ്ഥാപനതലത്തിലും ഉദ്ഘാടന പരിപാടികൾ ആവിഷ്ക്കരിച്ചിരിക്കുന്നത്.

 

സംസ്ഥാനതല വിജ്ഞാനോത്സവ ഉദ്ഘാടന പരിപാടി ഓൺലൈനായി മുഴുവൻ കോളേജുകളിലും സംപ്രേഷണം ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും. ജൂലൈ ഒന്നിന്ന് രാവിലെ പത്തു മണിക്ക് സംസ്ഥാനതല ഉദ്ഘാടന പരിപാടി പൂർത്തീകരിച്ച ഉടൻതന്നെ സ്ഥാപനതല ഉദ്ഘാടന പരിപാടികൾ ആരംഭിക്കും. ഒന്നാം വർഷ വിദ്യാർത്ഥികളും രക്ഷിതാക്കളും വരുമ്പോൾ അവരെ സ്വീകരിക്കുന്ന വിധത്തിൽ ആകർഷകമായ പരിപാടികൾ സ്ഥാപനങ്ങളിൽ അരങ്ങേറും. 

 

ഉദ്ഘാടന സെഷന് മുമ്പും ശേഷവുമായുള്ള സമയങ്ങളിൽ കലാപരിപാടികളും അരങ്ങേറും. വിജ്ഞാനോത്സവ ദിനത്തിൽ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

date