കർഷകർക്ക് തണലായി മറ്റത്തൂരിൽ ഉപജീവന സേവന കേന്ദ്രം; കെ കെ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു
മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ സംയോജിത കൃഷി ക്ലസ്റ്ററിൻ്റെ (ഐഎഫ് സി) ഉപജീവന സേവന കേന്ദ്രം ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. മറ്റത്തൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ തെരഞ്ഞെടുത്ത നാല് വാർഡുകളിലെ 300 കർഷകരെ ഉൾപ്പെടുത്തിയാണ് സെന്റർ പ്രവർത്തനം ആരംഭിച്ചത്.
നെല്ല്, വാഴ, മഞ്ഞൾ, ഡയറി ഉത്പ്പന്നങ്ങളാണ് ഐ എഫ് സി യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്വന്തം ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന ഉത്പന്നങ്ങളെ ഐ എഫ് സി മുഖാന്തിരം സംഭരിക്കുന്നതിനും വിൽക്കുന്നതിനും ആണ് ഉദ്ദേശിക്കുന്നത്. മറ്റത്തൂർ ഐഎഫ്സിയുടെ ഭാഗമായി കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കുവാനും ഉദ്ദേശിക്കുന്നുണ്ട് . ഉദ്ഘാടനത്തിന് ശേഷം എം എൽ എ കർഷകർക്ക് ചെണ്ടുമല്ലി തൈ വിതരണം നടത്തി.
മറ്റത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സി ഡി എസ് ചെയർപേഴ്സൺ സുനിതാ ബാലൻ സ്വാഗതം ആശംസിച്ചു. ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. യു സലിം പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ കെ ജെ ഷാന്റോ, വി എസ് നിജിൽ, സനല ഉണ്ണികൃഷ്ണൻ, ഷൈബി സജി, കെ എസ് ബിജു, ഔസേപ്പ് കെ ആർ, ജില്ലാ പ്രോഗ്രാം മാനേജർ കെ എൻ ദീപ, സിഡിഎസ് പ്രധിനിധി ഉമ്മുക്കുലുസു, കൃഷി വകുപ്പ് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments