ഇനിയും മുന്നോട്ടു കുതിക്കുന്നതിനുള്ള പ്രചോദനമാണ് അവാർഡുകൾ: സ്പീക്കർ ഒല്ലൂർ നിയോജക മണ്ഡലം പ്രതിഭാ സംഗമം നടത്തി
കഠിനാധ്വാനം ചെയ്ത് ഇനിയും മുന്നോട്ടു പോകാനുള്ള കുതിപ്പിനു പ്രചോദനം നല്കാനാണ് അവാർഡുകൾ നൽകുന്നതെന്ന് നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ പറഞ്ഞു. എന്ത് പഠിച്ചാലും ഇന്നത്തെ വിദ്യാർത്ഥികൾ നാളത്തെ നല്ല മനുഷ്യരാകണം. മനസ്സിൽ സഹാനുഭൂതിയുണ്ടാകണമെന്നും സ്പീക്കർ സൂചിപ്പിച്ചു. ഒല്ലൂർ എം എൽ എ 2025 പ്രതിഭാ സംഗമം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി സംബന്ധമായ വിവരങ്ങളെല്ലാം ഡിജിറ്റൈസ് ചെയ്ത് വിരൽത്തുമ്പിൽ ലഭ്യമാക്കി ഇന്ത്യക്ക് മാതൃകയായിരിക്കുകയാണ് കേരളത്തിലെ റവന്യൂ വകുപ്പെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ചു. മക്കളെ മനുഷ്യരാക്കി വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കേരളത്തിലെ മാതൃത്വത്തിന്റെ മാതൃക കാണിച്ച് തന്ന മുണ്ടക്കൈ ചൂരൽ മല ദുരന്ത സമയത്ത് ഉണ്ടായ ഒരു അനുഭവം മന്ത്രി പങ്കുവച്ചു. ഒരു കുട്ടിക്ക് പോലും സാമ്പത്തിക പ്രതിസന്ധി മൂലം തുടർ വിദ്യാഭ്യാസത്തിന് തടസമുണ്ടകില്ലെന്നതിന്റെ തെളിവാണ് ഈ പ്രതിഭാ സംഗമമെന്ന് മന്ത്രി പറഞ്ഞു.
ഐ എഫ് എസ് ജേതാവ് ശിശിര സത്യൻ, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ അപർണ്ണ, എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം നേടിയ സ്കൂളുകൾ, ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, എൽ എസ് എസ്, യു എസ് എസ് , എൻ എം എം എസ് സ്കോളർഷിപ്പ് വിജയികൾ, വിവിധ മേഖലകളിലെ മത്സരങ്ങളിൽ വിജയികളായവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വെള്ളാനിക്കര കേരള കാർഷിക സർവകലാശാല ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഭാ സംഗമത്തിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മൂന്ന് തവണ നേടിയ മനോജ് കെ ജയൻ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ഇസാഫ് എംഡി പോൾ കെ. തോമസ് , ഗാനരചയിതാവ് ബി. കെ ഹരിനാരായണൻ, നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. രവി, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി എസ് വിനയൻ, കെ വി സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം എസ് ഷിനോജ്, സുമിനി കൈലാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ഡി റെജി, ജോസ് മുത്തുകാട്ടിൽ, എ. വി കുര്യൻ, ജോസ്കുട്ടി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം ബാലകൃഷ്ണൻ, കാർഷിക സർവകലാശാല യൂണിയൻ സെക്രട്ടറി മഹാരിത തുടങ്ങിയവർ സംസാരിച്ചു . ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, അധ്യാപകർ , രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments