Skip to main content
പാട്യം സൂപ്പർ സ്റ്റിഫിയുടെ വിപണനോദ്ഘാടനം കണ്ണൂർ റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവ്വഹിക്കുന്നു

100 കോടി വിറ്റുവരവ് ലക്ഷ്യം  ഓണക്കാലത്ത് 'എനിക്കും വേണം ഖാദി' ക്യാമ്പയിനുമായി ഖാദിബോര്‍ഡ് 

വിവിധ ഉല്‍പ്പന്നങ്ങളുടെ വില്‍പനയിലൂടെ 100 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് ആഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ നാലു വരെ 'എനിക്കും വേണം ഖാദി' എന്ന ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ കണ്ണൂര്‍ പയ്യാമ്പലം റസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റിനൊപ്പം 25 ലക്ഷം രൂപയുടെ സമ്മാന പദ്ധതികളും ഓണക്കാലത്ത് നടപ്പിലാക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരുലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും നല്‍കും. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഖാദി ട്രെന്‍ഡ്സ് ആന്‍ഡ് വൈബ്സ് വഴിയുള്ള  കസ്റ്റമൈസ്ഡ് ഉല്‍പ്പന്നങ്ങള്‍, ഖാദി ബാഗുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ വിപണനം, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ സഹായത്തോടെയുള്ള ഡീസിന്റെ വസ്ത്രങ്ങളുടെ വിപണനം എന്നിവ ഖാദിയുടെ വിറ്റുവരവിലും സ്വീകാര്യതയിലും വലിയ വര്‍ദ്ധനവ് ഉണ്ടാക്കി. ഇറ്റലി, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ഖാദി വസ്ത്രങ്ങളുടെ കയറ്റുമതി ആരംഭിച്ചത് മറ്റൊരു നാഴികക്കല്ലാണെന്നും പി.ജയരാജന്‍ പറഞ്ഞു.

വരുമാന വര്‍ധന ലക്ഷ്യമിട്ട് ഖാദി ബോഡിന്റെ വസ്തുക്കളുടെ ഉപയോഗ സാധ്യത പരിശോധിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറെ നിശ്ചയിച്ചതായി പി.ജയരാജന്‍ പറഞ്ഞു. ഓഫീസര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വസ്തുക്കള്‍ വരുമാനദായകമായി മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. പ്രാരംഭഘട്ടമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ധാരണയിലെത്തുകയും കണ്ണൂര്‍ പാപ്പിനിശ്ശേരി, കാസര്‍ഗോഡ് മാവുങ്കല്‍ എന്നിവിടങ്ങളില്‍ പെട്രോള്‍ ഔട്‌ലെറ്റുകള്‍ ഉടന്‍ തുടങ്ങുകയും ചെയ്യും. ഖാദി കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ ഖാദി സൊസൈറ്റികള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനുമായി വിവിധ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പി.ജയരാജന്‍ പറഞ്ഞു. 

പാട്യംസ് സൂപ്പര്‍ സ്റ്റിഫി വിപണിയിലിറക്കി

പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് എസ് ഇ ജി പി സ്‌കീം പ്രകാരം നിര്‍മ്മിക്കുന്ന പാട്യം സൂപ്പര്‍ സ്റ്റിഫി ആഫ്റ്റര്‍ വാഷ് - ഫാബ്രിക് എന്‍ഹാന്‍സര്‍ വിപണിയിലിറക്കി. ഉല്‍പ്പന്നങ്ങളുടെ ആദ്യവില്പന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഖാദി ഉപഭോക്താവായ നാസറിന് നല്‍കി. ഒരു ലിറ്റര്‍, 500 മി.ലി, 200 മി.ലി ബോട്ടിലിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് 210, 110, 50 രൂപയാണ് വിപണന നിരക്ക്. ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലുടനീളമുള്ള എല്ലാ ഔട്ട്‌ലെറ്റുകളിലും ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. 

പയ്യാമ്പലം റസ്റ്റ് ഹൗസില്‍  നടന്ന പത്രസമ്മേളനത്തിലും വിപണനോദ്ഘാടനത്തിലും  കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗങ്ങളായ മുന്‍ എംപി എസ് ശിവരാമന്‍, കെ.പി രണദിവെ, കമല സദാനന്ദന്‍, കെ എസ് രമേശ് ബാബു, സാജന്‍ തോമസ്, കെ ചന്ദ്രശേഖരന്‍, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ കെ എ രതീഷ്, പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍മാരായ കെ. പി പ്രദീപന്‍ മാസ്റ്റര്‍, എ സുരേഷ്, എന്‍ രമേഷ് ബാബു, കെ.സി.സദാനന്ദന്‍, ചെയര്‍മാന്‍ കെ.പി ആനന്ദ്, മാനേജിംഗ് ഡയറക്ടര്‍ സി പ്രകാശന്‍ എന്നിവരും പങ്കെടുത്തു.

date