Skip to main content

യാത്രകൾ സഫലമാക്കാൻ കുഴൂരിൽ ഗ്രാമവണ്ടിയെത്തി

കുഴൂർ ഗ്രാമപഞ്ചായത്ത് നിവാസികളുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു ഒരു ഗ്രാമവണ്ടി. നാടിനെ ഉണർത്തി ഇനി ഗ്രാമ വണ്ടി കുഴൂരിൻ്റെ ഗ്രാമ വീഥികളിലൂടെ സഞ്ചരിക്കും. ബെന്നി ബെഹ്നാൻ എം.പിയും വി.ആർ സുനിൽകുമാർ എം. എൽ.എയും ചേർന്ന് ഗ്രാമ വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.
 
പഞ്ചായത്താശുപത്രിയിലേക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി   ഇനി ഗ്രാമവാസികൾക്ക് ഈ വണ്ടിയെ ആശ്രയിക്കാം. ജില്ലയിലെ മൂന്നാമത്തെയും മാള ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തേയും ഗ്രാമവണ്ടിയാണ് ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്തത്.

കെഎസ്ആർടിസി യുമായി സഹകരിച്ച് ആരംഭിച്ച ഗ്രാമവണ്ടി, കുഴൂർ, മാള, അന്നമനട, എറണാകുളം ജില്ലയിലെ പാറക്കടവ് എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക.

ഈ സർവീസ് കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം വിദ്യാർത്ഥികൾക്കാണ്. ഐരാണിക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് ബസ് സൗകര്യം ഇല്ലാത്തത് മൂലം പ്ലസ്‌വൺ സീറ്റുകൾ പകുതിയിലധികം ഒഴിഞ്ഞുകിടന്നിരുന്ന സാഹചര്യം ഇനി മാറും.

പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും ഒരു വർഷം 16.5 ലക്ഷത്തോളം രൂപയാണ് ഗ്രാമവണ്ടി സർവീസിനായി ചിലവഴിക്കുക. ഒരു ലിറ്റർ ഡീസലിൽ നാല് കിലോമീറ്റർ സഞ്ചരിക്കാനാവും. ഒരു ദിവസം 182 കിലോമീറ്ററാണ് ഗ്രാമ വണ്ടി ആകെ സർവീസ് നടത്തുക.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജൻ കൊടിയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രജനി മനോജ്‌, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കൂട്ടാല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിജി വിൽസൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ പി എസ്, മെമ്പർമാർ എന്നിവർ പങ്കെടുത്തു. നാട്ടുകാർ, വിദ്യാർത്ഥികൾ തുടങ്ങി മുഴുവൻപേരും ഗ്രാമവണ്ടിയെ ആവേശത്തോടെ സ്വീകരിച്ചു.

date