ലൈഫ് മിഷന് പദ്ധതിയില്‍ ജില്ലയില്‍ പൂര്‍ത്തിയായത് 33, 263 വീടുകള്‍
ഭവനരഹിതര്‍ക്ക് സുരക്ഷിതവും മാന്യവുമായ പാര്‍പ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന് പദ്ധതിയില്‍ ജില്ലയില്‍ 33, 263 വീടുകള്‍ പൂര്‍ത്തീകരിച്ചു. കോട്ടയം തെള്ളകം ഡിഎം കണ്വെന്ഷന് സെന്ററില്‍ ചേര്‍ന്ന ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പദ്ധതികള്‍ സംബന്ധിച്ച മേഖലാതല അവലോകനയോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. എസ് ചിത്ര അവതരിപ്പിച്ച പദ്ധതി പുരോഗതി റിപ്പോര്‍ട്ടില്‍ ആകെ കരാറില്‍ ഏര്‍പ്പെട്ട 42,009 എണ്ണത്തില്‍ 79.18 ശതമാനവും പൂര്‍ത്തീകരിച്ചതായി വ്യക്തമാക്കി. 36871 വീടുകളുടെ നിര്‍മ്മാണമാണ് ആരംഭിച്ചിരുന്നത്. സെപ്റ്റംബര്‍ മാസത്തോടെ 34 182 വീടുകള്‍ പൂര്‍ത്തീകരിക്കാനാവും. ജൂണ്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 66707 പേരാണ് ലൈഫ് വീടുകള്‍ക്ക് അര്‍ഹരായവര്‍. മനസ്സോടിത്തിരി മണ്ണ് കമ്പയിന്റെ ഭാഗമായി ജില്ലയില്‍ ലഭ്യമായ 27 സെന്റ് ഭൂമിയുടെയും രജിസ്ട്രേഷന് പൂര്‍ത്തിയായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഫ്ളാറ്റുകളില്‍ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ആവശ്യക്കാരായില്ലാത്ത സന്ദര്‍ഭത്തില്‍ ലൈഫ് മിഷന് ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുന്നതിനുള്ള ആവശ്യം ഉയര്‍ന്നത് സംബന്ധിച്ച് യോഗത്തില്‍ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രിസഭ ഇത് പ്രത്യേകം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്കി. ലൈഫ് പദ്ധതിയില്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ള വീടുകള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കണമെന്നും ഇക്കാര്യത്തില്‍ നല്ല ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
- Log in to post comments