കോളോറക്കണ്ടി-സീഡ് ഫാം റോഡ്: ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയായി
ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയായ കോളോറക്കണ്ടി-സീഡ് ഫാം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. പേരാമ്പ്രയിലെ സ്റ്റേറ്റ് സീഡ് ഫാമിന്റെ എ ബ്ലോക്കിനരികിലൂടെ കുറ്റ്യാടി റോഡില്‍നിന്ന് ആരംഭിച്ച് സി ബ്ലോക്കിലെത്തുന്നതാണ് റോഡ്. പ്രദേശത്തെ ജനങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ അഴുക്കുചാല്‍ സംവിധാനത്തോടെ കോണ്‍ക്രീറ്റ് ചെയ്താണ് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരിച്ചത്.
രണ്ടാംഘട്ട പ്രവൃത്തിക്കുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ട്. മുഴുവന്‍ പണിയും പൂര്‍ത്തിയായാല്‍ ഫാമിന്റെ എ, ബി, സി ബ്ലോക്കുകളിലേക്ക് വളം എത്തിക്കാനും വിളവെടുത്ത നെല്ല് വാഹനത്തില്‍ കൊണ്ടുപോകാനും സഹായകരമാകും. കൃഷി വകുപ്പ് എഞ്ചിനീയറിങ് വിഭാഗമാണ് പദ്ധതി നിര്‍വഹണം നടത്തിയത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി പി ജമീല അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, പേരാമ്പ്ര ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി പ്രകാശ്, കൃഷി അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ പി സുനില്‍ കുമാര്‍, ആയിഷ മങ്ങാട്ട്, ഓവര്‍സിയര്‍ എം എസ് ജിതേഷ്, കൃഷി അസിസ്റ്റന്റ് സിന്ധു രാമന് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments