വായന പക്ഷാചരണം : റീൽ മത്സരത്തിൽ അമൃത കെ മാധവിനും എം എസ് അമല്യക്കും ഒന്നാം സ്ഥാനം
വായനപക്ഷാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച സോഷ്യൽ മീഡിയ റീൽസ് മത്സര വിജയികളെ തിരഞ്ഞെടുത്തു.
" എന്റെ പുസ്തകം എന്റെ റീൽ " എന്ന പേരിൽ നടത്തിയ മത്സരത്തിൽ പ്രിയപ്പെട്ട പുസ്തകത്തെ പരിചയപ്പെടുത്തി 122 എൻട്രികളാണ് ലഭിച്ചത്.
മുതിർന്നവരുടെ വിഭാഗത്തിൽ പ്രശോഭ് മഠത്തിലിന്റെ ഭൂതമാപിനി എന്ന പുസ്തകം പരിചയപ്പെടുത്തി ഇടപ്പള്ളി മാമംഗലം സ്വദേശി അമൃത കെ മാധവ് ഒന്നാം സ്ഥാനം നേടി. കളമശ്ശേരി രാജഗിരി കോളേജിൽ അധ്യാപികയാണ് അമൃത. ഇടുക്കി കോളപ്ര സ്വദേശി രഞ്ജിമ രവീന്ദ്രനാണ് രണ്ടാം സ്ഥാനത്തിന് അർഹയായത്.
മൂലമറ്റം സെന്റ് ജോസഫ് അക്കാദമിയിൽ അധ്യാപികയാണ് രഞ്ചിമ. അശ്വതി ശ്രീകാന്തിന്റെ കാളി എന്ന പുസ്തകമാണ് പരിചയപ്പെടുത്തിയത്.
വിദ്യാർത്ഥികളുടെ വിഭാഗത്തിൽ ബോബി ജോസ് കട്ടിക്കാടിന്റെ ഓർഡിനറി എന്ന പുസ്തകം പരിചയപ്പെടുത്തി കൂനമ്മാവ് സ്വദേശിനി എം. എസ് അമല്യ ഒന്നാം സ്ഥാനത്തിന് അർഹയായി.
കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് അമല്യ. നിമ്ന വിജയിന്റെ ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകം പരിചയപ്പെടുത്തിയ മൂവാറ്റുപുഴ സ്വദേശിനി നന്ദന മനോജിനാണ് രണ്ടാം സ്ഥാനം . മൂവാറ്റുപുഴ നിർമ്മല സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് നന്ദന.
സി പി മിനി എഴുതിയ മാച്ചുപിച്ചു എന്ന പുസ്തകം പരിചയപ്പെടുത്തി വളമ്പൂർ ഗവൺമെന്റ് യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ദിയ മൂന്നാം സ്ഥാനം നേടി.
- Log in to post comments