Skip to main content

വിമാനത്താള ഉദ്ഘാടനം: സൗജന്യ സര്‍വീസിന് 60 ബസ്സുകള്‍ അഞ്ച് മിനിട്ട് ഇടവേളയില്‍ സര്‍ക്കുലര്‍ സര്‍വീസ്

 

 

ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന പരിപാടിക്കെത്തുന്നവരെ വിമാനത്താവളത്തിലെത്തിക്കാന്‍ 60 ബസ്സുകള്‍ സര്‍ക്കുലര്‍ സര്‍വീസ് നടത്തും. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗസ്റ്റഹൗസില്‍ ചേര്‍ന്ന േയാഗത്തിലാണ് ഈ തീരുമാനം. 

ഉദ്ഘാടന ദിവസം ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളില്‍ നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ പനയത്താംപറമ്പിലും ഇരിട്ടി ഭാഗത്ത് നിന്ന് വരുന്നവ മട്ടന്നൂര്‍ ഹൈസ്‌ക്കൂള്‍, പോളി ടെക്‌നിക്ക് എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം. ഇവിടെ നിന്നും മട്ടന്നൂര്‍ ബസ്സറ്റാന്റില്‍ നിന്നും ആളുകളെ പ്രത്യേക ബസ്സുകളിലായിരിക്കും വിമാനത്താവളത്തിലേക്ക് എത്തിക്കുക. ഇതിനായി 40 കെഎസ്ആര്‍ടിസി ബസ്സുകളും 20 സ്വകാര്യ ബസ്സുകളും ഉപയോഗിക്കാനാണ് യോഗത്തില്‍ ധാരണയായത്. വായന്തോട് നിന്ന് 40ഉം മറ്റ് രണ്ട് പോയന്റില്‍ നിന്ന് 10 വീതവും ബസ്സുകളായിരിക്കും സര്‍ക്കുലര്‍ സര്‍വീസ് നടത്തുക. അഞ്ച് മിനിറ്റ് ഇടവിട്ട് ബസ്സ് സര്‍വീസ് ഉണ്ടാകും. ഇതിന് യാത്രക്കാരില്‍ നിന്ന് ചാര്‍ജ് ഈടാക്കില്ല. രാവിലെ ഏഴ് മണി മുതല്‍ 10 മണി വരെയും ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചും സൗജന്യ ബസ്സ് സര്‍വീസ് ഉണ്ടായിരിക്കും. ബസ് സര്‍വീസിന്റെയും പൊതുവായ ഗതാഗത ക്രമീകരണത്തിന്റെയും വിശദാംശം പൊലീസ് തയ്യാറാക്കി നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു. ഉദ്ഘാടനം കഴിഞ്ഞ് പൊതുജനങ്ങളും വാഹനങ്ങളും പൂര്‍ണമായി പോയി കഴിയുന്നതുവരെ ഗതാഗത ക്രമീകരണവും പൊലീസ് മേല്‍നോട്ടവും ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചു.

വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കിയാല്‍ മാനേജിങ്ങ് ഡയറക്ടര്‍ വി തുളസീദാസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, മട്ടന്നൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, കിയാല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ പി ജോസ്, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ രാജന്‍, പൊലീസ്, ഗതാഗത വകുപ്പ്, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date