സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബിഎംബിസി നിലവാരത്തിൽ : മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കോന്നി ഏനാദിമംഗലം പഞ്ചായത്ത് ചാങ്കൂർ അമ്പലം ജംഗ്ഷനിൽ ആധുനിക നിലവാരത്തിലുള്ള വിവിധ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാർ ബിഎം ബിസി സാങ്കേതിക വിദ്യയിൽ 3.35 കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന പുത്തൻചന്ത -തേപ്പുപാറ റോഡ്, 5.56 കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന മങ്ങാട്- കുന്നിട - ചെളിക്കുഴി റോഡ്, വിവിധ ഗ്രാമീണ റോഡുകൾ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
അഞ്ചു വർഷംകൊണ്ട് 15,000 റോഡുകൾ ബിഎംബിസി നിലവാരത്തിലേക്ക് മാറ്റുകയെന്ന ലക്ഷ്യം പൊതുമരാമത്ത് വകുപ്പ് മൂന്നര വർഷത്തിനുള്ളിൽ പൂർത്തീകരിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ മുഴുവൻ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ വികസന പ്രതീകമായ പുനലൂർ-മൂവാറ്റുപുഴ മലയോര ഹൈവേയുടെ പ്രധാന ഭാഗം കടന്നു പോകുന്നത് കോന്നി നിയോജക മണ്ഡലത്തിലൂടെയാണ്. മണ്ഡലത്തിൽ ഏകദേശം 380 കോടി രൂപയുടെ വികസനങ്ങൾ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കി.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സർക്കാരിന്റെ വികസന നയം കൃത്യമായി മണ്ഡലത്തിൽ നടപ്പാക്കുന്നതിനുള്ള എംഎൽഎയുടെ പരിശ്രമം അഭിനന്ദാർഹമാണെന്നും മന്ത്രി പറഞ്ഞു.
- Log in to post comments