സ്വച്ഛ് സർവേക്ഷനിൽ തിളങ്ങി വടക്കാഞ്ചേരി നഗരസഭ ദേശീയ തലത്തിൽ 131-ാം റാങ്ക്; സംസ്ഥാനത്ത് മൂന്നാമത്
കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേകളിലൊന്നായ സ്വച്ഛ് സർവേക്ഷനിൽ മിന്നും പ്രകടനം കാഴ്ചവെച്ച് വടക്കാഞ്ചേരി നഗരസഭ. സംസ്ഥാന തലത്തിൽ ജനസംഖ്യാടിസ്ഥാനത്തിൽ മീഡിയം സിറ്റി കാറ്റഗറിയിൽ മൂന്നാം റാങ്കും ദേശീയ തലത്തിൽ 131-ാം സ്ഥാനവും കരസ്ഥമാക്കി വൻ കുതിപ്പാണ് നഗരസഭ കാഴ്ചവെച്ചത്. മാലിന്യ സംസ്കരണ-ശുചിത്വ രംഗത്ത് നഗരസഭ നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2023 ലെ സംസ്ഥാന തലത്തിലെ 23-ാം റാങ്കിൽ നിന്നും മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. ദേശീയ തലത്തിൽ 4852 ഓളം നഗരസഭകളിൽ നിന്ന് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള 131-ാമത് നഗരസഭയെന്ന അഭിമാനാർഹമായ പദവിയിലേക്കാണ് വടക്കാഞ്ചേരി എത്തിച്ചേർന്നത്. കഴിഞ്ഞ വർഷം ദേശീയ തലത്തിൽ 2362-ാം റാങ്കായിരുന്നു നഗരസഭയ്ക്ക്.
ഒ.ഡി.എഫ്. പ്ലസ് പദവി നിലനിർത്തി ജി.എഫ്.സി. വൺ സ്റ്റാർ പട്ടികയിലും നഗരസഭ ഇടം നേടി.
നഗരസഭയ്ക്ക് കീഴിലുള്ള പൊതു ഇടങ്ങളിലെ ചുമരുകൾ മാലിന്യത്തിനെതിരെയുള്ള സന്ദേശങ്ങളാലും മനോഹര ചിത്രങ്ങളാലും നിറഞ്ഞിരുന്നു. വാർഡുതോറും സ്നേഹാരാമം ഒരുക്കി മാലിന്യങ്ങൾ നിറഞ്ഞ ഇടങ്ങളെ പൂങ്കാവനമാക്കി മാറ്റാനും നഗരസഭയ്ക്ക് കഴിഞ്ഞു. നഗരസഭയിലെ കുറാഞ്ചേരിയിൽ മനോഹരമായ സ്വച്ഛ് പൂന്തോട്ടവും വാട്ടർ ഫൗണ്ടനും ഒരുക്കിയിട്ടുണ്ട്. സ്വച്ഛ് സർവേക്ഷനോടനുബന്ധിച്ച് നഗരസഭ ഒരുക്കിയ വേസ്റ്റ് ടു ആർട്ട് മുഖ്യ ആകർഷണമായി. പരിസ്ഥിതിയെ മാലിന്യമുക്തമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ശുചിത്വ സൈന്യമായ ഹരിതകർമസേന മാലിന്യത്തിൽ നിന്നും ഭൂമിയെ താങ്ങിനിർത്തുന്നതായിരുന്നു വേസ്റ്റ് ടു ആർട്ടിൻ്റെ തീം. കൂടാതെ പാഴ് വസ്തുക്കളിൽ നിന്നും ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിലും നഗരസഭ മികവ് തെളിയിച്ചു.
വിജയത്തിൻ്റെ മൂന്നാണ്ടുകൾ പിന്നിട്ട നഗരസഭയുടെ അഭിമാന പദ്ധതിയായ എസ്.സി. വനിതാ സംരംഭമായ കൈമാറ്റക്കടയും സ്വച്ഛ് സർവേക്ഷൻ പ്രവർത്തനത്തിൽ നഗരസഭയ്ക്ക് മുതൽക്കൂട്ടായി. ഹരിതകർമസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന തുണികൾ ഉപയോഗിച്ച് ചവിട്ടി, തുണിസഞ്ചി എന്നിവ ഇവിടെ തയ്യാറാക്കുന്നുണ്ട്. നഗരത്തെ മാലിന്യമുക്തമാക്കുന്നതിൻ്റെ ഭാഗമായി പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നത് നഗരസഭ നിരോധിച്ചു. പകരം തുണിസഞ്ചിയെ പ്രോത്സാഹിപ്പിക്കുന്നു. നഗരസഭയിലെ കുമ്പളങ്ങാട് ബയോ മൈനിങ് പ്രവർത്തനം, ഖര മാലിന്യ സംസ്കരണ പ്ലാൻ്റ്, ജൈവമാലിന്യം ജൈവവളമാക്കി മാറ്റുന്ന പ്രക്രിയ തുടങ്ങിയ പ്രവർത്തനങ്ങളിലും മികവ് പുലർത്താനായി.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ അറിയുന്നതിന് സർക്കാർ ഏർപ്പെടുത്തിയ ഹരിത മിത്രം ആപ്പിൻ്റെ പ്രവർത്തനവും നഗരസഭയിൽ കാര്യക്ഷമമാണ്. നഗരസഭയുടെ നേതൃത്വത്തിൽ ഹരിത മിത്രം ആപ്പിൽ വന്നിട്ടുള്ള പുതിയ മാറ്റങ്ങൾ സംബന്ധിച്ചും അതിൻ്റെ പ്രവർത്തന രീതിയെപ്പറ്റിയും ആവശ്യമായ ട്രെയ്നിങ് ഹരിതകർമസേനാംഗങ്ങൾക്ക് നൽകിയിരുന്നു.
സ്വച്ഛ് സർവേക്ഷൻ്റെ ഭാഗമായി ആർ.ആർ.ആർ സെന്ററിലേക്ക് ഉപയോഗപ്രദമായ വസ്ത്രങ്ങൾ ശേഖരിച്ചും കൈമാറിയും നഗരസഭ മാതൃക തീർത്തു. വിവിധ ക്ലബ്ബുകളും സംഘടനകളും ഈ പദ്ധതിയുടെ ഭാഗമായി. നഗരസഭയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കലാ-സാഹിത്യ മത്സരങ്ങളും സംഘടിപ്പിച്ചു. എല്ലാ വിദ്യാലയങ്ങളിലും സ്വച്ഛ് സർവേക്ഷൻ സന്ദേശം എത്തിക്കാനും നഗരസഭയ്ക്കായി. നഗരസഭയിലെ വിവിധയിടങ്ങളിലായി 100 ബോട്ടിൻ ബൂത്ത്, 60 കരിയിലക്കമ്പോസ്റ്റ്, 40 ട്വിൻ ബിൻ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. നഗരസഭയിലെ 41 ഡിവിഷനുകളിലും മിനി എം.സി.എഫ്. സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജലാശയങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു അവയുടെ നീരൊഴുക്ക് സുഗമമാക്കാനും സാധിച്ചു. നഗരസഭയ്ക്ക് കീഴിലുള്ള പൊതു ശൗചാലയങ്ങൾ ശുചീകരിച്ച് ദിശാബോർഡുകളും സ്ഥാപിച്ചു. ചിത്രശലഭങ്ങളുടെ വർണച്ചിറകുകളാൽ തീർത്ത മനോഹര സെൽഫി പോയിൻ്റും ഒരുക്കിയിരുന്നു.
സ്വച്ഛ് സർവേക്ഷന് ജില്ലയിൽ ആദ്യമായി തീം സോങ് ഒരുക്കിയും വടക്കാഞ്ചേരി നഗരസഭ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 'ഈ നഗരം സുന്ദരം നേരുള്ളൊരു നഗരം' എന്ന അരുൺ ഭൂമിയുടെ മനോഹരമായ വരികൾക്ക് വിനീഷ് മണി സംഗീതം നൽകി. മൻസൂർ ഫാമിയാണ് ഗാനം ആലപിച്ചത്. നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങളും ഹരിതകർമസേനയുടെ മികവും പാട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
സ്വച്ഛ് സർവേക്ഷൻ സമാപന പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ നടത്തിയ വാഹന പ്രചാരണ റാലിയും ശ്രദ്ധേയമായിരുന്നു. സ്വച്ഛ് സർവേക്ഷൻ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊടിതോരണങ്ങളോടെ അമ്പതോളം വാഹനങ്ങൾ റാലിയുടെ ഭാഗമായി. നഗരസഭയിലെ വിവിധ മാലിന്യ സംസ്കരണ ഉപാധികളായ ഇലക്കമ്പോസ്റ്റ്, ബോട്ടിൻ ബൂത്ത്, ബയോ ബിൻ, ബയോഗ്യാസ് പ്ലാൻ്റ്, റിങ് കമ്പോസ്റ്റ്, ട്വിൻ ബിൻ, ഫോഗിങ് മെഷീൻ തുടങ്ങിയ വാഹനങ്ങളിൽ പ്രദർശിപ്പിച്ച് നടത്തിയ റാലിയും ഏറെ ജനശ്രദ്ധ നേടി.
- Log in to post comments