കേരളത്തെ വ്യവസായ സൗഹൃദ കേന്ദ്രമാക്കിയതിൽ കുടുംബശ്രീയ്ക്ക് നിർണായക പങ്ക്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി
-കുടുംബശ്രീ ജില്ലാ മിഷന്റെ മാധ്യമ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
കേരളത്തെ വ്യവസായ സൗഹൃദ കേന്ദ്രമാക്കി മാറ്റിയതിൽ കുടുംബശ്രീക്ക് നിർണായക പങ്കുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി പറഞ്ഞു.
കുടുംബശ്രീ ജില്ലാമിഷനും ആലപ്പുഴ പ്രസ്സ് ക്ലബ്ബും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി ആലപ്പുഴ കയർ കോർപ്പറേഷൻ ഹാളിൽ സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ ജി രാജേശ്വരി.
സ്ത്രീ ശാക്തീകരണത്തിന് വിദ്യാഭ്യാസവും അധികാരവും പോലെ അത്യന്താപേക്ഷിതമാണ് സാമ്പത്തിക ഭദ്രതയും. ഇതിനായി കുടുംബശ്രീ സംരംഭങ്ങൾ സ്ത്രീകൾക്ക് ഏറ്റവും നല്ല വരുമാന ഉപാധിയായി മാറ്റിയെടുക്കണമെന്നും അവർക്ക് സമൂഹത്തിൻ്റെ എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്നും പ്രസിഡൻ്റ് പറഞ്ഞു.
ശില്പശാലയിൽ കുടുംബശ്രീയുടെ വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ജില്ലയിലെ മികച്ച കുടുംബശ്രീ സംരംഭകരുടെ അനുഭവം പങ്കുവെക്കൽ, കുടുംബശ്രീ പ്രവർത്തനങ്ങളിൽ മാധ്യമപ്രവർത്തകരുടെ പങ്ക് എന്ന വിഷയത്തിൽ ചർച്ചയും നടന്നു.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത് അധ്യക്ഷനായി. പ്രസ്സ് ക്ലബ് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, കുടുംബശ്രീ അസി. ജില്ല മിഷൻ കോ ഓർഡിനേറ്റർ ടെസ്സി ബേബി, ടി യു ശരണ്യ, കുടുംബശ്രീ സംരംഭകരായ സുനിത, വിജി, ചഞ്ചല, സിന്ധു വിനു തുടങ്ങിയവർ സംസാരിച്ചു.
(പിആര്‍/എഎല്‍പി/2074)
- Log in to post comments