വള്ളിക്കോട് സര്‍വീസ് സഹകരണ ബാങ്ക് സഹകരണ പ്രസ്ഥാനത്തിന് മാതൃക: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
വള്ളിക്കോട് സഹകരണബാങ്ക് സഹകരണ പ്രസ്ഥാനത്തിന് മാതൃകയായ ബാങ്കാണെന്ന് സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വള്ളിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷവും നവീകരിച്ച ഹെഡാഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിന്റെ ഈ വര്‍ഷത്തെ ലാഭവിഹിതമായ നാല്‍പ്പത്തിരണ്ട് ലക്ഷം രൂപ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള സഹകരണവകുപ്പിന്റെ പദ്ധതിയായ ഹോം കെയറിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചതിലൂടെ മഹനീയമായ ഒരു മാതൃകയാണ് ബാങ്ക് കാഴ്ചവച്ചിട്ടുള്ളത്. 100 വര്‍ഷം സഹകാരികളുടെ വിശ്വാസം നേടി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വള്ളിക്കോട് സര്‍വീസ് സഹകരണ ബാങ്ക് കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് തിളങ്ങുന്ന ഒരധ്യായമാണ് എഴുതിച്ചേര്‍ത്തത്.
പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തില്‍ സഹകരണ മേഖല വലിയ പങ്കാണ് വഹിക്കുന്നത്. സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന 4000വീടുകളാണ് സഹകരണ സംഘങ്ങള്‍ പുനര്‍നിര്‍മിച്ച് നല്‍കുന്നത്. ഡിസംബര്‍ രണ്ടിന് ചെങ്ങന്നൂരില്‍ 2000 വീടുകളുടെ സംസ്ഥാനതല നിര്‍മാണോദ്ഘാടനം നടത്തും. ജില്ലയില്‍ 144 വീടുകളാണ് സഹകരണവകുപ്പിന്റെ ശ്രമഫലമായി നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് പി.ജെ അജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് രജിസ്ട്രാര്‍ പി.ജെ അബ്ദുള്‍ ഗഫാര്‍ ചികിത്സാധനസഹായത്തിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അടൂര്‍ പ്രകാശ് എം.എല്‍.എ മുന്‍പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും ഫോട്ടോ അനാഛാദനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ്, അസി.രജിസ്ട്രാര്‍ ജി. അനിരുദ്ധന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാജന്‍, രാജു നെടുവംപുറം, ജോണ്‍ മാങ്കൂട്ടത്തില്‍, ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 3793/18)
- Log in to post comments