തദ്ദേശ തിരഞ്ഞെടുപ്പ്: പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാം
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചേര്‍ക്കാം. ഫോം 4 എയിലാണ് അപേക്ഷിക്കേണ്ടത്. പേരു ചേര്‍ക്കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ www.sec.kerala.gov.in വെബ് സൈറ്റിലുണ്ട്. പാസ്പോര്ട്ടില് രേഖപ്പെടുത്തിയ കേരളത്തിലെ താമസസ്ഥലം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ നിയോജകമണ്ഡലത്തിലെ / വാര്‍ഡിലെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് (ഇ.ആര്.ഒ) അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവടങ്ങളില്‍ അതത് സെക്രട്ടറിമാരും കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്കി citizen registration നടത്തണം. 'Pravasi Addition' കോളം ക്ലിക് ചെയ്ത് ലോഗിന്‍ ചെയ്യണം. അപേക്ഷകന്റെ പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ള പേരും മറ്റു വിവരങ്ങളും നല്കി എല്ലാ കോളങ്ങളും പൂരിപ്പിക്കണം.
2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയാകണം. വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ പൗരനായിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പ് രേഖപ്പെടുത്തി നിലവിലെ പാസ്പോര്‍ട്ടിലുള്ള താമസസ്ഥലത്തെ തദ്ദേശസ്ഥാപനത്തിലെ ഇ.ആര്.ഒയ്ക്ക് നേരിട്ടോ രജിസ്ട്രേഡ് തപാല്‍ മുഖേനയോ അപേക്ഷിക്കണം.
കഴിവതും വെള്ള പശ്ചാത്തലത്തില്‍ അപേക്ഷകന്റെ മുഖം വ്യക്തമായി കാണത്തക്കവിധം ഉള്ള ഫോട്ടോ അപേക്ഷയുടെ നിശ്ചിതസ്ഥാനത്ത് പതിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് തപാല്‍ മുഖേനെ അയക്കുകയാണെങ്കില്‍ അപേക്ഷകന്റെ വിസ മുദ്രണം ചെയ്തതുള്‍പ്പെടെയുള്ളതും പാസ്പോര്‍ട്ടിലെ ഫോട്ടോ, മറ്റു വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പേജുകളുടെ ശരിപകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
അപേക്ഷ നേരിട്ട് ഇ.ആര്.ഒയ്ക്ക് സമര്‍പ്പിക്കുകയാണെങ്കില്‍ പാസ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങളുടെ ശരിപകര്‍പ്പ് ഉള്ളടക്കം ചെയ്യുന്നതോടൊപ്പം അസല്‍ പാസ്പോര്‍ട്ട് അപേക്ഷയോടൊപ്പം പരിശോധനയ്ക്കായി ഹാജരാക്കണം. പേരു ചേര്‍ത്ത പ്രവാസികള്‍ പോളിങ് സ്റ്റേഷനില്‍ പാസ്പോര്‍ട്ട് സഹിതം ഹാജരായി വോട്ട് രേഖപ്പെടുത്താം.
- Log in to post comments