ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് സ്ഥാനമൊഴിഞ്ഞു
ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് സ്ഥാനമൊഴിഞ്ഞു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ലളിതമായ പരിപാടിയിൽ സഹപ്രപ്രവർത്തകർ അദ്ദേഹത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി. 2023 നവംബർ 14 ന് ജില്ലാ പൊലീസ് മേധാവിയായി സ്ഥാനം ഏറ്റെടുത്തതുമുതൽ പ്രവർത്തന മണ്ഡലങ്ങളിൽ കൃത്യനിഷ്ഠതയോടെയും കണിശതയോടെയും പ്രവർത്തിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
2023-2025 കാലയളവില്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് ജില്ലയിൽ പൊലീസ് കൈവരിച്ചത്. ശബരിമല മണ്ഡല -മകരവിളക്ക് ഉത്സവങ്ങള്‍, മംഗളാദേവി ചിത്രപൗർണമി ഉത്സവം, തുടങ്ങിയവ വിജയകരമായി നടത്താന്‍ പൊലീസ് സേനയ്ക്ക് കഴിഞ്ഞു. തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ വിവിധ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിച്ചു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ജില്ലയിൽ സുരക്ഷിത അന്തരീക്ഷത്തിൽ കൃത്യതയോടെ നടത്താന്‍ പൊലീസ് സേനയ്ക്ക് കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടേയും വോട്ടെടുപ്പ് ദിവസങ്ങളിലെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.നവകേരള സദസ്സ്, മന്ത്രിസഭ വാർഷികം തുടങ്ങിയ പൊതു പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയാക്കാനായി. കൂടാതെ ജില്ലയിൽ നടന്ന വിവിധ വി.ഐ.പി. സന്ദർശനങ്ങൾക്ക് സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ പൊലീസ് സേന ശക്തമായ ഇടപെടലുകളാണ് നടത്തിയത്. എൻ.ഡി.പി.എസ്. നിയമപ്രകാരം മയക്കുമരുന്ന് കേസുകളുടെ കണ്ടെത്തലും കർശന നടപടികളും മുൻകാലങ്ങളെക്കാളും വർധിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി, ജില്ലയിൽ ആദ്യമായി ജില്ലാ പൊലീസ് അത് ലറ്റിക്
മീറ്റ് സംഘടിപ്പിക്കാനും കഴിഞ്ഞു. ശാരീരികമായും മാനസികമായും ഉദ്യോഗസ്ഥരുടെ ആരോഗ്യത്തിനായുള്ള പദ്ധതികൾക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. സുരക്ഷയും അവകാശബോധവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുകയും അവർക്കായി ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ "ക്യാമ്പസ് ബീറ്റ്സ്" എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. ചോയ്സ് ഓഫ് ലൈഫ് എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുടനീളം ലഹരി, ട്രാഫിക് എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.
കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ വിഷ്ണുപ്രദീപ് ടി കെ 2018 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ്. പ്രമുഖ അഭിഭാഷകൻ ടി.കെ സുധാകരന്റെയും എലിസബത്തിന്റെയും മൂത്ത മകൻ .ഒറ്റപ്പാലത്ത് എ.എസ്.പി ട്രെയിനി ആയി തുടക്കം . തുടർന്ന് തലശ്ശേരിയിലും പേരാമ്പ്രയിലും എഎ എസ് പിയായി ചുമതല വഹിച്ച ശേഷം എസ് പി പ്രമോഷനോടെ കെ എ പി നാലാം ബറ്റാലിയനിൽ കമാണ്ടന്റായി സേവനം അനുഷ്ഠിക്കുമ്പോഴാണ് ഇടുക്കി ജില്ലാ മേധാവിയായി നിയമിതനാകുന്നത്. ബി ടെക് - ഐ ടി ബിരുദധാരിയാണ്. 2022 ലെ കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരത്തിനു അർഹനായിരുന്നു.ഭാര്യ ഡോ . അഞ്ജലി.
കൊല്ലം ജില്ലാ റൂറൽ പോലീസ് മേധാവിയായിട്ടാണ് ടി കെ വിഷ്ണുപ്രദീപിന് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ഇടുക്കിയുടെ പുതിയ പോലീസ് മേധവിയായി കെ എം സാബുമാത്യു വ്യാഴാഴ്ച ചുമതലയേൽക്കും
ചിത്രം : ഇടുക്കി ജില്ലാ പൊലീസ് മേധാവി സ്ഥാനമൊഴിഞ്ഞ ടി കെ വിഷ്ണുപ്രദീപിന് ജില്ലാ പോലീസ് ആസ്ഥാനത്ത് നൽകിയ യാത്രയയപ്പിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിയ അനു സ്നേഹോപഹാരം നൽകുന്നു.
dist. police chief byte
- Log in to post comments