Skip to main content

പത്തുലക്ഷം വൃക്ഷതൈ കൈമാറ്റവുമായി ഹരിതകേരളം മിഷന്‍

സൗഹൃദം മഹാ വൃക്ഷമായി വളരട്ടെ എന്ന ആശയവുമായി സുഹൃത്തുക്കള്‍ക്ക് നട്ടുവളര്‍ത്താന്‍ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷന്‍. ആഗസ്റ്റ് മൂന്നിന് ലോകസൗഹൃദ ദിനത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലുമാണ് തൈകള്‍ കൈമാറുന്നത്. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുകോടി വൃക്ഷത്തൈകള്‍ നടാന്‍ ലക്ഷ്യമിട്ടുള്ള 'ഒരു തൈ നടാം' ജനകീയ വൃക്ഷവല്‍ക്കരണ കാമ്പയിന്റെ ഭാഗമായാണ് ' ചങ്ങാതിക്കൊരു തൈ ' എന്ന പരിപാടി സംഘടിപ്പിക്കുന്നത്. പത്തുലക്ഷത്തിലധികം വൃക്ഷതൈകളുടെ കൈമാറ്റം നടക്കുമെന്ന് ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി. എന്‍. സീമ അറിയിച്ചു.
കാമ്പയിനില്‍ ഇതുവരെ 29 ലക്ഷത്തോളം തൈകള്‍ നട്ടു. ഇതിനുപുറമെയാണ് ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെ 10 ലക്ഷം തൈകള്‍ കൂടി നടുന്നത്. സംസ്ഥാനത്തെ സ്‌കൂളുകള്‍, കലാലയങ്ങള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും സുഹൃത്തുക്കള്‍ തമ്മില്‍ വൃക്ഷതൈകള്‍ കൈമാറുന്നത്. കുട്ടികളില്‍ പരിസ്ഥിതി സ്നേഹം വളര്‍ത്താനും നെറ്റ് സീറോ കാര്‍ബണ്‍ കേരളം, പരിസ്ഥിതി പുനസ്ഥാപനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ 72000 തൈകള്‍ നട്ടുവളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.
 

date