ഇൻകുബേഷൻ സെന്ററിൽ പ്രതീക്ഷയേറെ
ആലപ്പുഴ :കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിലൂടെ കൂടുതൽ കർഷകരേയും യുവാക്കളേയും സംരഭകരാക്കി വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് കായംകുളം കെ.വി.കെയിൽ തുടങ്ങിയ ഇൻകുബേഷൻ സെന്ററിന്റെ ലക്ഷ്യം. സംസ്ഥാന കൃഷി വകുപ്പ് 70 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.ഇൻകുബേഷൻ സെന്റർ പ്രവർത്തന സജജമാവുന്നതോടെ ആധുനി്ക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള കൂടുതൽ പരിശീലനം സാദ്ധ്യമാവും. നാളീകേരം, ചക്ക,പഴ വർഗ്ഗങ്ങൾ, പച്ചക്കറികൾ,സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനുള്ള പരിശീലനം ഇവിടെ നിന്നും ലഭ്യമാവും.
ഹരിപ്പാടിന്റെ വികസനത്തിന് നാഴികക്കല്ലായി റവന്യൂ ടവർ:
ഉദ്ഘാടനം രണ്ടിന് മുഖ്യമന്ത്രി നിർവ്വഹിക്കും
ആലപ്പുഴ: ഹരിപ്പാടിന്റെ സമഗ്ര വികസനത്തിന് നാഴികക്കല്ലായി മാറിയ റവന്യൂ ടവർ ഡിസംബർ 2ന് രാവിലെ 11മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല പറഞ്ഞു. 17.32 കോടി രൂപ മുടക്കി നബാർഡിന്റെ സഹായത്തോടെയാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. എം.എൽ.എ.യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നുള്ള 32 ലക്ഷം രൂപയും ഇതിൽ ഉൾപ്പെടും. ടവറിലെ റവന്യൂ ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പുമന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.സി. വേണുഗോപാൽ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. എംഎൽഎ മാരായ യു. പ്രതിഭ, തോമസ് ചാണ്ടി എന്നിവർ പങ്കെടുക്കും. ജില്ലാ കളക്ടർ എസ്. സുഹാസ് റിപ്പോർട്ട് അവതരിപ്പിക്കും. ഹൗസിംങ്ങ് ബോർഡ് ചെയർമാൻ പി. പ്രസാദ്, ഹൗസിങ്ങ് ബോർഡ് ചീഫ് എഞ്ചിനീയർ രാജീവ്, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിക്കും. കാർത്തികപ്പള്ളി താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മൂന്നു വർഷങ്ങൾക്ക് മുൻപ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇതിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. ജില്ലയിലെ ഏറ്റവും വലിയ സർക്കാർ കെട്ടിങ്ങളിൽ ഒന്നാണ് ഹരിപ്പാട് സജ്ജമാക്കിയിരിക്കുന്ന ഈ റവന്യൂ ടവർ. കേരള സംസ്ഥാന ഹൗസിംങ്ങ് ബോർഡിനായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. കാർത്തിക്കപ്പള്ളി താലൂക്കിലെ ചെറുതന, കായംകുളം തുടങ്ങി മുഴുവൻ പ്രദേശത്തെ ജനങ്ങൾക്കും പ്രയോജനകരമാവുന്ന തരത്തിലാണ് ഇതിന്റെ സജ്ജീകരണം. ഏഴ് നിലകളിലായി നാൽപതിനായിരം സക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടത്തിൽ താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ്, സബ് ട്രഷറി ഓഫീസ്, കൃഷി വകുപ്പ്, റീ സർവ്വേ ഓഫീസ്, ഭക്ഷ്യ സുരക്ഷ ഓഫീസ്, നികുതി വകുപ്പ് ഓഫീസ്, എക്സൈസ് സർക്കിൾ ഓഫീസ്, മോട്ടോർ വെഹിക്കിൽ ക്ഷോമനിധി ബോർഡ്, സി.ഡി.പി.ഓ., ലേബർ ഓഫീസ്, ഇൻഡസ്ട്രിയൽ ഓഫീസ്, വാട്ടർ അതോറിറ്റി, കോമേഴ്സ്യൽ ടാക്സ്, തുടങ്ങി മുപ്പതോളം ഓഫീസുകൾ പ്രവർത്തിക്കും. താഴത്തെ നിലയിൽ സപ്ലൈക്കോയുടെ സുപ്പർ മാർക്കറ്റ്, മൂന്നാം നിലയിൽ 250 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള കോൺഫറൻസ് ഹാൾ, കെട്ടിടത്തിൽ ലിഫ്റ്റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. കോൺഫറൻസ് ഹാൾ പൊതു ജനങ്ങൾക്ക് വാടകയ്ക്ക് നൽകും. ഹരിപ്പാട് പോലീസ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവ്വഹിക്കും. ഒന്നര കോടി രൂപ വിനിയോഗിച്ച് മൂന്നു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ അഞ്ച് കുടുംബങ്ങൾക്ക് താമസിക്കാം. പോലീസ് കണ്സ്ട്രക്ഷൻ കോർപ്പറേഷനാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഹരിപ്പാട് ബ്ലോ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, ഹരിപ്പാട് മുനിസിപ്പൽ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം, കായംകുളം നഗരസഭാ ചെയർമാൻ എൻ. ശിവദാസൻ, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്. എ.ഡി.എം. അബ്ദുൽസലാം, കാർത്തികപ്പള്ളി തഹസിൽദാർ പ്രസന്നകുമാർ, ശോശാമ്മ വർഗ്ഗീസ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
- Log in to post comments