എറണാകുളം അറിയിപ്പുകള് 1
ജില്ലാതല 'മൈം' മത്സരങ്ങള്‍ നവംബര്‍ 28-ന്
കൊച്ചി: ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുമായി ജില്ലാതല 'മൈം' മത്സരങ്ങള്‍ നടത്തും. എറണാകുളം ഗവണ്മെന്റ്റ് നഴ്സിംഗ് സ്കൂളില്‍ നവംബര്‍ 28 -നാണ് മത്സരം.
പങ്കെടുക്കാന്‍ താല്പര്യമുള്ള ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, നഴ്സിംഗ്, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 28 ന് രാവിലെ 10 മണിക്ക് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള ഗവണ്മെന്റ്റ് നഴ്സിംഗ് സ്കൂളില്‍ എത്തിച്ചേരണം. ഒരു ടീമില്‍ പരമാവധി 15 പേര്‍ക്ക് പങ്കെടുക്കാം. 10 മിനിട്ടാണ് പരമാവധി മത്സരസമയം. വിശദവിവരങ്ങള്‍ക്ക് 9495248970 എന്ന നമ്പറില്‍ വിളിക്കുക.
കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്സുകള്‍
കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്ഡ്വെയര് & നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്നോളോജിസ്, വെബ് ഡിസൈന്‍ & ഡെവലപ്മെന്റസ്, മെഷീന് ലേണിങ് ആര്‍ടിഫിഷ്യല്‍ ഇന്റലിജനസ്, ബ്ളോക്ക്ചെയിന്‍, ഐഒടി, പൈതണ്‍, ജാവ, ഡോട് നെറ്റ്, പിഎച്ച്പി എന്നിവയാണ് കോഴ്സുകള്‍. വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു/ ഡിപ്ലോമ/ ഡിഗ്രി വിശദവിവരങ്ങള്‍ക്ക് : 04712325154/4016555 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കൊച്ചി: കേരളാ കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്, കായംകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്നവര്‍ നവംബര്‍ 30 നു മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് കൂടാതെ പെന്ഷന് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, എന്നിവയുടെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്. ക്ഷേമനിധി ബോര്‍ഡിന്റെ കായംകുളം, ചവറ, ഭരണിക്കാവ്, ഇരിങ്ങാലക്കുട എന്നീ ഇന്‍സ്പെക്ടര്‍ ഓഫീസുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്. ഓഫീസില്‍ നേരിട്ട് ഹാജരാകുന്നവര്‍ പെന്ഷന് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, എന്നിവയുടെ പകര്‍പ്പ് മാത്രം ഹാജരാക്കിയാല്‍ മതിയെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
മുതിര്‍ന്ന പൗരന്മാരുടെ സംഗമം നടത്തി
കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സാന്ത്വനം ജനസേവാ കേന്ദ്രം പെരുമ്പടന്നയില്‍ മുതിര്‍ന്ന പൗരന്മാരുടെ സംഗമം നടത്തി.
പറവൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് രമാശിവശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:യേശുദാസ് പറപ്പിളളി ഉദ്ഘാടനം നിര്‍വഹിച്ചു. ഏഴിക്കര സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനോദ് പൗലോസ്, പറവൂര്‍ ബ്ലോക്ക് മെമ്പര്‍ രശ്മി ആസാദ്, ഏഴിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഉഷ രാധാകൃഷ്ണന്, ഏഴിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശിവരാമന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇ.വി.എബ്രഹാം, മറ്റുദേ്യാഗസ്ഥര് തുടങ്ങിയര്‍ പങ്കെടുത്തു.
എസ്.സിപ്രൊമോട്ടര് നിലവിലുളള ഒഴിവുകളിലേക്ക്
അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലയിലെ കൂവപ്പടി, വടവുകോട്, ആലങ്ങാട്, കോതമംഗലം, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തുകളിലും കോതമംഗലം, പിറവം, കളമശേരി മുനിസിപ്പാലിറ്റികളിലും എസ്.സി പ്രൊമോട്ടര്‍മാരുടെ നിലവിലുളള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുളള 18 നും 40 നും മധ്യേ പ്രായമുളളവരുമായ പട്ടികജാതി വിഭാഗക്കാര്‍ക്കും, എസ്.എസ്.എല്‍.സി യോഗ്യതയുളള 40 നും 50 നും മധ്യേ പ്രായമുളള സാമൂഹ്യ പ്രവര്‍ത്തകരായ പട്ടികജാതി വിഭാഗക്കാര്‍ക്കും നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം. എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനവുമായ ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ കക്ഷികളായിട്ടുളള എസ്.സി പ്രൊമോട്ടര്‍മാരുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തത്കാലം നിയമനം ഉണ്ടായിരിക്കുന്നതല്ല. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും പില്ലാ പട്ടികജാതി വികസന ഓഫീസുമായോ (ഫോണ്‍ 0484-2422256)അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോര്പറേഷന് ഓഫീസുമായോ ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 10-ന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഡിസംബര്‍ 13-ന് രാവിലെ 10.30-ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടിക്കാഴ്ചയ്ക്ക് പ്രത്യേക അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ല.
പ്രളയക്കെടുതി: ജില്ലയിലെആരോഗ്യസ്ഥാപനങ്ങളില് 2.83 കോടി നിര്‍മാണപ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കി
കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പ്രവൃത്തികള്‍ക്കും ഭരണാനുമതി
കൊച്ചി: പ്രളയബാധിത ആരോഗ്യസ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിനായി 2.83 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കി. ഒരു സാമൂഹികാരോഗ്യകേന്ദ്രം, മൂന്ന് കുടുംബാരോഗ്യകേന്ദ്രങ്ങള്‍, രണ്ട് പ്രാഥമികാരോഗ്യകേന്ദ്രം, 16സബ്സെന്ററുകള്‍ എന്നിവിടങ്ങളിലെ നിര്‍മാണ, അറ്റകുറ്റപണികള്‍ക്കാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. ജില്ലയിലാകെ 40 ആരോഗ്യസ്ഥാപനങ്ങളെയാണ് പ്രളയക്കെടുതി വലിയ തോതില്‍ ബാധിച്ചത്.
10.75 കോടി രൂപയുടെ പദ്ധതികളാണ് ആരോഗ്യകേന്ദ്രങ്ങളുടെ പുനര്‍നിര്‍മാണത്തിനായി കണക്കാക്കിയിട്ടുള്ളത്. ഏലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, നായരമ്പലം കുടുംബാരോഗ്യകേന്ദ്രം എന്നിവ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. പറവൂര്‍ താലൂക്ക് ആശുപത്രി, മൂത്തകുന്നം സാമൂഹികാരോഗ്യകേന്ദ്രം, മഞ്ഞപ്ര, ഗോതുരുത്ത്, കരുമാലൂര്‍, കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രങ്ങള്‍, കടുങ്ങല്ലൂര്‍, പിഴല, അവോലി, മുളവുകാട്, ചൂര്‍ണിക്കര, ചിറ്റാറ്റുകര പ്രാഥമികാരോഗ്യകേന്ദ്രങ്ങള്എന്നിവയാണ് നാശനഷ്ടമുണ്ടായ മറ്റ് ആശുപത്രികള്‍. ഇവക്ക് പുറമെ 26 സബ്സെന്ററുകളിലും നഷ്ടമുണ്ടായി. ഇവയില്‍ നാലെണ്ണം പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. മറ്റ് സ്ഥാപനങ്ങളുടെ നിര്‍മാണപ്രവര്‍ത്തനത്തിനുള്ള വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ നിര്‍മിതികേന്ദ്രമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പ്രവൃത്തികള്‍ നടത്തുന്നത്. പുനര്‍നിര്‍മാണത്തിനൊപ്പം കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്ന വിധത്തിലാണ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്.
ജില്ലയില്‍ 40 ആരോഗ്യസ്ഥാപങ്ങളെ കുടുംബാരോഗ്യകേന്ദ്രമായി മാറ്റുന്നതിനുള്ള പ്രവൃത്തികളും നടന്നുവരികയാണ്. ഇതില്‍ അയ്യമ്പിള്ളി, ചിറ്റാറ്റുകര, മുനമ്പം ആരോഗ്യസ്ഥാപനങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കി. 45 ലക്ഷമാണ് ഇവയ്ക്കായി അനുവദിച്ചത്.
നേരിയമംഗലം, ഇടപ്പള്ളി, പൊത്താനിക്കാട്, പാലക്കുഴ, മഞ്ഞല്ലൂര്, വാളകം, കൂനന്മാവ്, മുളവുകാട്, കാക്കനാട്, കീഴ്മാട്, രായമംഗലം, ആരക്കുന്നം, പനങ്ങാട്, നെട്ടൂര്‍, പിണ്ടിമന, കടവൂര്‍, തുറവൂര്‍, ബിനാനിപുരം, എലൂര്‍, കുമാരപുരം, തിരുവായൂര്‍, ഉദയംപേരൂര്‍, എടവനക്കാട്, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, തിരുവാങ്കുളം, മുടക്കുഴ, ഒക്കല്‍, പാറക്കടവ്, അയ്യമ്പുഴ, ചെറുവാട്ടൂര്‍, കോട്ടപ്പടി, പുന്നെക്കാട്, കണ്ടക്കടവ്, അവോലി, മലയാറ്റൂര്‍ എന്നിവയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്ന മറ്റ് സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളിലെ ഫീല്ഡുതലവിലയിരുത്തലുകള് പൂര്‍ത്തിയാക്കി. ഇവയുടെ നിര്‍മാണപ്രവൃത്തികളും ഉടന്‍ ആരംഭിക്കും.
സമഗ്ര ആരോഗ്യ പരിരക്ഷ ക്യാമ്പ് നടത്തി;
ആരോഗ്യസുരക്ഷ കാര്‍ഡ്വിതരണം ചെയ്തു
പൊതുജനങ്ങള്‍ക്കിടയില്‍ ആരോഗ്യഅവബോധം സൃഷ്ടിക്കുന്നതിനും നഗരസഭ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലൂടെ നല്കുന്ന സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി കൊച്ചി നഗരസഭ സംഘടിപ്പിക്കുന്ന സമഗ്ര ആരോഗ്യ പരിരക്ഷ ക്യാമ്പിന് തുടക്കമായി. പൂണിത്തുറ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യസുരക്ഷാകാര്ഡിന്റെ വിതരണോദ്ഘാടനം ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ അഡ്വ വികെ മിനിമോള്‍ ഉദ്ഘാടനം ചെയ്തു.
ചമ്പക്കര ഡിവിഷന് കൗണ്‍സിലര്‍ വി പി ചന്ദ്രന് അധ്യക്ഷത വഹിച്ചു. ജീവിതശൈലീരോഗങ്ങള്‍, നേത്രരോഗം, ത്വക്ക്രോഗം, ക്ഷയരോഗം, കുഷ്ഠരോഗം, വിവിധ പകര്‍ച്ചവ്യാധികള്‍ എന്നിവയുടെ നിര്‍ണയവും ചികിത്സയും ക്യാമ്പില്‍ നടത്തുന്നുണ്ട്. അതിഥിതൊഴിലാളികളുടെ ആരോഗ്യപരിശോധനയും ക്യാമ്പില്‍ നടത്തുന്നുണ്ട്. ക്യാമ്പിലൂടെ വിതരണം ചെയ്യുന്ന ക്യുആര്‍ കോഡുള്ള ആരോഗ്യസുരക്ഷാകാര്ഡ് തുടര്‍ചികിത്സകള്‍ക്ക് ഗുണകരമാവും. നഗരസഭയിലെ 74 വാര്‍ഡുകളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും.ആരോഗ്യവകുപ്പ്, ദേശീയആരോഗ്യദൗത്യം, അമൃതആശുപത്രി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് എന്നിവയാണ് ക്യാമ്പിനാവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നത്.
ചടങ്ങില്‍ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സുമസി, ചമ്പക്കര അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോരഞ്ജിത, ഡോ പ്രവീണ്‍, സറീന പി ജെ, ടിവി വിശ്വംഭരന്, രാധിക ബാബു, കെ സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: 2018-19 സാമ്പത്തികവര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫീമെയില്‍ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് എറണാകുളം തമ്മനത്ത് സ്ഥിതി ചെയ്യുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നവംബര്‍ 29-ന് രാവിലെ 11- മുതല്‍ കൂടിക്കാഴ്ച നടത്തുന്നു.
ഫീമെയില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് (ആയുര്‍വേദം) (താത്കാലിക തസ്തിക) യോഗ്യത ഡിഎഎംഇ യില്‍ നിന്നും ലഭിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. പ്രായം 20-40. ഫീമെയില്‍ തെറാപ്പിസ്റ്റുമാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും ഒരു പകര്‍പ്പും തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2335592.
- Log in to post comments