Skip to main content
കലക്ടറേറ്റ് ചുറ്റുമതിയിലെ പടയണി കോലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, നഗരസഭ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് അനാവരണം ചെയ്യുന്നു

നഗരസഭയുടെ ഉറവിടമാലിന്യ  സംസ്‌കരണ പദ്ധതിക്ക്  ഒന്നാം വാര്‍ഷികം, കലക്ടറേറ്റ് മതിലിലെ പടയണി കോലം അനാവരണം ചെയ്തു 

പൊതുയിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതില്‍ മാതൃക തീര്‍ത്ത പത്തനംതിട്ട നഗരസഭയുടെ ഉറവിടമാലിന്യ സംസ്‌കരണ പദ്ധതിക്ക്  ഒരു വയസ്സ്.  'മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം' എന്ന മുദ്രവാക്യത്തോടെ കഴിഞ്ഞ വര്‍ഷം നഗരസഭ ആരംഭിച്ച ഉറവിടമാലിന്യ സംസ്‌കരണപദ്ധതിയുടെ  ഒന്നാം വാര്‍ഷികവും വൃത്തിവര കാമ്പയിന്‍ പ്രഖ്യാപനവും ജില്ലയുടെ പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകമായ പടയണി കോലത്തിന്റെ സാന്നിധ്യത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ കലക്ടറേറ്റ് കവാടത്തില്‍ നടന്നു.

പൊതുയിടങ്ങള്‍ ശുചിയായും ആകര്‍ഷകമായും സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കലക്ടറേറ്റ് മതിലില്‍ വരച്ച ചുമര്‍ചിത്ര അനാവരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാമും പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ.ടി സക്കീര്‍ ഹുസൈനും  ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനും ചേര്‍ന്ന് നിര്‍വഹിച്ചു.

പത്തനംതിട്ടയുടെ സാമൂഹിക ഇടങ്ങളെ മനോഹരമാക്കുന്നതിനുള്ള  പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഉറവിടമാലിന്യ സംസ്‌കരണ പദ്ധതിയുടെ  വാര്‍ഷികം ഉദ്ഘാടനം ചെയ്ത് പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. പോര്‍ട്ടബിള്‍ ബയോ ബിന്നിലൂടെ നടത്തിയ അനുകരണീയമായ മാതൃകയാണ് ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി. പൊതുയിടങ്ങള്‍ വൃത്തിയുള്ളതും മനോഹരവുമാക്കുക എന്ന  ആശയമാണ് ചുമര്‍ ചിത്ര രചനയിലൂടെ സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. 

നഗരസഭ ആവിഷ്‌കരിച്ച ഉറവിട മാലിന്യ സംസ്‌കരണവും ഫുഡ് സ്‌കേപ്പിംഗ്  പ്രവര്‍ത്തനവും മാതൃകാപരമെന്ന്  അധ്യക്ഷനായ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍  പറഞ്ഞു.  കലക്ട്രേറ്റ് മതിലില്‍ വരച്ച ചുമര്‍ച്ചിത്രം സംരക്ഷിക്കുന്നതിനുള്ള  ഉത്തരവാദിത്വം എല്ലാവരും  ഏറ്റെടുക്കണമെന്നും കലക്ടര്‍ പറഞ്ഞു. 
നാടിനെ വൃത്തിയോടെ സൂക്ഷിക്കുന്നതിനുള്ള   പ്രവര്‍ത്തനം  ഉറവിടമാലിന്യ സംസ്‌കരണപദ്ധതിയിലൂടെ സാധ്യമാകുന്നുവെന്ന് മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു.  മാലിന്യ സംസ്‌കരണത്തില്‍ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായാണ് കലക്ടറേറ്റ് ചുറ്റുമതിലില്‍ ഭൈരവി കോലം ഒരുക്കിയത്. പ്രകൃതിദത്ത നിറങ്ങളും വസ്തുക്കളുമുപയോഗിച്ചായിരുന്നു വര. ചുമര്‍ചിത്ര കലാകാരന്മാരായ റംസി ഫാത്തിമ,ടി എ നന്ദിനി,കെ എ അഖില്‍ കുമാര്‍, ആര്‍ അജേഷ് ലാല്‍, അഖില്‍ ഗിരീഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.  കാതോലിക്കേറ്റ് കോളേജിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമാണിവര്‍. 
കടമ്മനിട്ട ഗോത്രകളരി - പൈതൃക കലാകളരി കലാകാരന്‍മാരായ രഘുകുമാര്‍, പ്രസന്നകുമാര്‍, കെ.പി സുരേഷ്, രതീഷ് കുമാര്‍, രഞ്ജിത്ത്, വിഷ്ണു കടയ്ക്കല്‍, ആദിത്യ നാരായണന്‍, ദീപക് നാലാംച്ചേരി, ആദിത്യ മനോജ് എന്നിവരെയും ആദരിച്ചു. 
നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ്, തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി രാജേഷ് കുമാര്‍,ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി അനില്‍കുമാര്‍,
മാലിന്യമുക്തം  കോര്‍ഡിനേറ്റര്‍ ആര്‍ അജിത്കുമാര്‍,  നഗരസഭ സെക്രട്ടറി എ എം മുംതാസ് നഗരസഭ എഞ്ചിനിയര്‍ സുധീര്‍ രാജ്,  ക്‌ളീന്‍ കേരള കമ്പനി മാനേജര്‍  എം പി ദിലീപ് ,  കെ. എസ്. ഡബ്‌ള്യു. എം. പി പ്രതിനിധി ശ്രീവിദ്യ ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date