Skip to main content

ശബരിമല തീര്‍ത്ഥാടനം :  കാര്യക്ഷമമായ കുടിവെള്ളവിതരണ സംവിധാനങ്ങളുമായി ജലവിഭവ വകുപ്പ്

 

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി കേരള ജല അതോറിറ്റി. നിലയ്ക്കലില്‍ നാല്‍പ്പത് ലക്ഷം ലിറ്റര്‍ കുടിവെള്ള സംഭരണശേഷിക്ക് പുറമേ 25 ലക്ഷം ലിറ്റര്‍ അധികം ശുദ്ധജലം സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള ക്രമീകരണമാണ് പൂര്‍ത്തിയായിരിക്കുന്നത്. ടാറ്റ പ്രോജക്ട് ലിമിറ്റഡുമായി ചേര്‍ന്നാണ് ശുദ്ധജല വിതരണത്തിനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

25 ലക്ഷം ലിറ്റര്‍ അധികം ശുദ്ധജലം സംഭരിക്കുന്നതിന് വേണ്ടി അഞ്ച് ലക്ഷം ലിറ്റര്‍ വീതം സംഭരണശേഷിയുള്ള മൂന്ന് സ്റ്റീല്‍ പാനല്‍ ടാങ്കുകളും 5000 ലിറ്റര്‍ സംഭരണശേഷിയുള്ള 215 എല്‍.എല്‍.ഡി.പി.ഇ ടാങ്കുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. മൊത്തം 27 ആര്‍.ഒ പ്ലാന്റുകളാണ് നിലയ്ക്കലില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഇരുപത്തിയഞ്ച് ആര്‍.ഒ പ്ലാന്റുകളാണ് ടാറ്റ പ്രോജക്ട് ലിമിറ്റഡ് സ്ഥാപിച്ചിരിക്കുന്നത്. നിലയ്ക്കലില്‍ സ്ഥാപിച്ചിരിക്കുന്ന ജലസംഭരണികളിലേക്ക് പമ്പ, സീതത്തോട് എന്നിവിടങ്ങളില്‍ നിന്നും ടാങ്ക് ലോറിയില്‍ വെള്ളം എത്തിക്കും. കൂടാതെ, ആര്‍.ഒ ബ്ലാന്റുകളില്‍ ശുദ്ധീകരിച്ച കുടിവെള്ളം എടുക്കുന്നതിന് നാല് ടാപ്പുകളുള്ള 78 കിയോസ്‌ക്കുകളും 2 ടാപ്പുകള്‍ ഉള്ള 75 കിയോസ്‌ക്കുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ആര്‍. ഒ പ്ലാന്റുകളില്‍ ശുദ്ധീകരിച്ച ജലമാണ് കുടിവെള്ള ആവശ്യത്തിനായി കിയോസ്‌കുകള്‍ വഴി വിതരണം ചെയ്യുന്നത്. ഇതുകൂടാതെ 420 പൊതുടാപ്പുകളും ഇടത്താവളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ മൂന്ന് വെയിറ്റിംഗ് ഷെല്‍ട്ടറുകളും പൂര്‍ത്തിയായിട്ടുണ്ട്. രണ്ടെണ്ണത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഒന്‍പതിനായിരം പേര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യത്തിലാണ് വെയിറ്റിംഗ് ഷെല്‍ട്ടറുകള്‍ ഒരുക്കിയിരിക്കുന്നത്. 500 ടോയ്ലെറ്റുകളും, തീര്‍ത്ഥാടകര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

നിലയ്ക്കല്‍ കൂടാതെ സന്നിധാനത്തും പമ്പയിലും ശുദ്ധജലവിതരണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡലമകരവിളക്ക് കാലത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി കേരള ജലഅതോറിറ്റി റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകള്‍ സ്ഥാപിച്ച് ശുദ്ധീകരിച്ച് കിയോസ്‌കുകളിലൂടെ ജലവിതരണം നടത്തി വരുന്നു. 13 mld ഉത്പാദനശേഷിയുള്ള കുടിവെള്ള പദ്ധതിയാണ് ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നത്. പമ്പ മുതല്‍ ശരംകുത്തി വരെ എട്ട് സംഭരണികളിലായി 68 ലക്ഷം ലിറ്റര്‍ ജലമാണ് സംഭരിക്കുന്നത്. പമ്പ മുതല്‍ സന്നിധാനം വരെ താത്കാലികമായി ടാപ്പുകള്‍ സ്ഥാപിച്ച് കിയോസ്‌കുകളിലേക്കും ടോയ്ലെറ്റുകളിലേക്കും ജലം എത്തിക്കുന്നു. സ്വാമി അയ്യപ്പന്‍ റോഡില്‍ ശുദ്ധജലവിതരണത്തിന് വിതരണക്കുഴലുകള്‍ സ്ഥാപിച്ച് ചരല്‍മേട് ഭാഗം വരെയും ദേവസ്വം ബോര്‍ഡ് സ്ഥാപിക്കുന്ന ഇ-ടോയ്ലെറ്റ് , കിയോസ്‌ക് , പൊതുടാപ്പുകള്‍ എന്നിവിടങ്ങളിലും ആവശ്യാനുസരണം ജലം വിതരണം ചെയ്യുന്നുണ്ട്. മണിക്കൂറില്‍ 33,000 ലിറ്റര്‍ ശുദ്ധജലം ഈ പ്ലാന്റ് വഴി വിതരണം ചെയ്യാന്‍ കഴിയും. കൂടാതെ, 12 ഹോട്ട് വാട്ടര്‍ കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രളയസമയത്ത് ത്രിവേണി പമ്പ് ഹൗസും ട്രാന്‍സ്ഫോമറും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുകയും മണപ്പുറം ഭാഗത്തെ വിതരണശൃംഖലകളും കിയോസ്‌കുകളും പൂര്‍ണമായും നശിച്ചിരുന്നു. ഇവയുടെ പുനര്‍നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു. 

date