ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസമില്ല ശബരിമല: നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി വരെ നീട്ടി
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി വരെ ദീര്‍ഘിപ്പിച്ച് ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. നവംബര്‍ 26 ന് അര്‍ധരാത്രി മുതല്‍ നവംബര്‍ 30ന് അര്‍ധരാത്രിവരെ ഉത്തരവിന് പ്രാബല്യമുണ്ട്.
ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. പമ്പാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസമില്ല.
ജില്ലാ പോലീസ് മേധാവിയുടെയും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും തുലാമാസ പൂജയ്ക്കും, ചിത്തിര ആട്ടവിശേഷ സമയത്തും, മണ്ഡല മകരവിളക്കിനായി നടതുറന്നതു മുതലുമുള്ള പ്രതിഷേധങ്ങളുടെയും, സംഘര്‍ഷ സാധ്യത നേരിട്ടു ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞാ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
- Log in to post comments