Skip to main content
ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം

ലഹരിയെ അകറ്റാൻ  ഗ്രാമങ്ങളില്‍ കളിക്കളങ്ങള്‍ ഉയരണം : കെ യു ജനീഷ് കുമാർ എംഎൽഎ

പുതുതലമുറയെ ലഹരിയിൽ നിന്ന് അകറ്റുന്നതിന്  ഓരോ ഗ്രാമത്തിലും കളിക്കളങ്ങള്‍ ഉയരണമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. അരുവാപ്പുലം കല്ലേലിയില്‍ ഗ്രാമപഞ്ചായത്ത് ആധുനിക നിലവാരത്തിൽ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടിച്ചേരുലുകള്‍ക്ക് ഇടങ്ങള്‍ കുറവാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഒത്തുചേരാനും കായിക വിനോദങ്ങളില്‍ പങ്കെടുത്ത് മികച്ച ജീവിതശൈലി പിന്തുടരുന്നതിനും മെച്ചപ്പെട്ട കളിയിടങ്ങള്‍ ഒരുങ്ങണം.
അരുവാപ്പുലം പഞ്ചായത്ത്  എല്ലാ മേഖലയിലും മികച്ച പ്രവർത്തനം നടത്തി.
സ്മാര്‍ട്ട് കൃഷിഭവന്‍, അരുവാപ്പുലം റൈസ്,  ചില്ലി, കുടുംബശ്രീ കഫെ തുടങ്ങിയ നിരവധി പദ്ധതികളുമായി മാതൃകയായി. രണ്ടുതവണ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി. നവീകരിച്ച റോഡുകള്‍ നാടിന്റെ മുഖച്ഛായ മാറ്റി. പുളിഞ്ചാണി - രാധപ്പടി , അരുവാപുലം- വകയാര്‍, കൊക്കത്തോട് , ഊട്ടുപാറ എന്നീ റോഡുകൾ നവീകരിച്ചു. കുമ്മണ്ണൂര്‍- വയക്കര റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും.
കോന്നി മെഡിക്കല്‍ കോളേജിന് അത്ഭുതകരമായ വളര്‍ച്ചയുണ്ടായി.
ടൂറിസത്തിനും ഏറെ സാധ്യതയുള്ള പ്രദേശമാണ് കോന്നി. അച്ചന്‍കോവില്‍, കക്കാട്ടാര്‍, കല്ലാര്‍ തുടങ്ങിയ നദികളെ കേന്ദ്രീകരിച്ച് വിപുലമായ ടൂറിസം പദ്ധതി ഒരുങ്ങുകയാണ്. ഓർമ്മയായ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേരിലാണ് ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത് എന്നത് അഭിമാനകരമാണെന്നും എംഎല്‍എ കൂട്ടി ചേര്‍ത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയായി. ചടങ്ങില്‍ റോളര്‍ സ്‌കേറ്റിംഗ് ജൂനിയര്‍ ലോക-ദേശീയ ചാമ്പ്യന്‍ അഭിജിത്ത് അമല്‍ രാജിനെ ആദരിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വര്‍ഗീസ് ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി ശ്രീകുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീബ സുധീര്‍, അംഗങ്ങളായ ടി ഡി സന്തോഷ് ,വി കെ രഘു, മിനി രാജീവ്,സെക്രട്ടറി വി എന്‍ അനില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ ഹരിചന്ദ്രന്‍, ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് രഘുനാഥ് ഇടത്തിട്ട, ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date