Skip to main content

മായം കലര്‍ന്ന പാലിന്റെ വിപണനം; നടപടികളുമായി ക്ഷീരവികസന വകുപ്പ്

ഓണക്കാല പാല്‍ വിപണിയില്‍ മായം കലര്‍ന്ന പാലിന്റെ വിപണനം ഉണ്ടാകാതിരിക്കുന്നതിന് ശക്തമായ നടപടികളുമായി ക്ഷീരവികസന വകുപ്പ്. ഓണക്കാലത്ത് പാലിന്റെ ഉപഭോഗം കൂടുതലായതിനാല്‍ ഓണ വിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന പാലിന്റെയും പാല്‍ ഉല്‍പന്നങ്ങളുടേയും അളവും കൂടുതലായിരിക്കും. ഇത് വ്യാജ ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഇടയാക്കുമെന്നുള്ള സാധ്യത മുന്നില്‍ കണ്ടാണ് വകുപ്പിന്റെ മുന്‍കരുതല്‍.

പൊതുജനങ്ങളേയും ചെറുകിട കച്ചവടക്കാരേയും വ്യാജ ഉല്‍പന്നങ്ങള്‍ക്കെതിരെ ബോധവാന്‍മാരാക്കുക, ഓണ വിപണിയെ വ്യാജ ഉല്‍പന്നങ്ങളില്‍ നിന്ന് മുക്തമാക്കുക, പ്രാദേശിക ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാവുക എന്നിവയാണ് പാല്‍പരിശോധനാ യജ്ഞത്തിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.  സെപ്റ്റംബര്‍ 3 വരെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.

ജില്ലയിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടൂര്‍ അമ്മകണ്ടകര ഗുണനിയന്ത്രണ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.അനിത  ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ ഒ.ബി മഞ്ജു, ക്ഷീര സംരംഭകത്വ പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍  പി.ഇ ഡോളസ് എന്നിവര്‍ പങ്കെടുത്തു.
പൊതുജനങ്ങള്‍ക്കും  കച്ചവടക്കാര്‍ക്കും വിപണിയില്‍ ലഭ്യമായ പാല്‍ പരിശോധനയ്ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ എത്തിയ്ക്കാം.  സൗജന്യമായി ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ സാമ്പിളുകളുടെ ഗുണനിലവാരം  ഉറപ്പുവരുത്താം. സാമ്പിളുകള്‍ എത്തിയ്ക്കുമ്പോള്‍ പായ്ക്കറ്റുകള്‍ പൊട്ടിക്കാതെയും അല്ലാത്തവ 200 മി. ലി ല്‍ കുറയാതെയുമാണ് എത്തിയ്‌ക്കേണ്ടത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയുള്ള സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സെപ്റ്റംബര്‍ 3 ന് ഉച്ചയ്ക്ക് 12 വരെയും പ്രവര്‍ത്തിക്കും.

date