കാർഷിക സംസ്കാരം പുതുതലമുറയിലേക്ക് പകരുന്ന മഹോത്സവമാണ് കളമശ്ശേരി കാർഷികോത്സവം : ഗോപിനാഥ് മുതുകാട്
കൃഷിയെ മറന്ന് മറ്റു പരിഷ്കാരങ്ങളിലേക്ക് പോയാൽ സമൂഹം മറവി രോഗം ബാധിച്ചപോലെ ഒന്നുമല്ലാതായി മാറുമെന്ന് പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട്. കളമശ്ശേരി കാർഷികോത്സവത്തിന്റെ ഭാഗമായി നടന്ന മഹാപ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ കാർഷിക സംസ്കാരം പുതുതലമുറയിലേക്ക് നട്ടുപിടിപ്പിക്കുന്ന മഹോത്സവമാണ് കളമശ്ശേരി കാർഷികോത്സവം. സങ്കൽപ്പത്തിനപ്പുറമുള്ള അത്ഭുത കാഴ്ചകളാണ് കാർഷികോത്സവത്തിൽ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. കളമശ്ശേരി മണ്ഡലത്തെ വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വയോജനങ്ങൾക്കൊപ്പം പരിപാടി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാർഷികോത്സവത്തിൽ വന്ന നിർദേശങ്ങളുടെ ഭാഗമായാണ് തീരുമാനം.
കളമശ്ശേരി മണ്ഡലത്തിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയോട് അനുബന്ധിച്ചാണ് കാർഷികോത്സവം നടത്തുന്നത്. കാർഷികോത്സവം കർഷകന്റെ അഭിമാനബോധം വർദ്ധിപ്പിച്ചു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി 2500 ഏക്കറിലധികം തരിശുഭൂമി വീണ്ടെടുക്കാനായെന്നും മന്ത്രി വ്യക്തമാക്കി.
കല, സിനിമ, സാംസ്കാരികം തുടങ്ങി സർവ്വ മേഖലകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച് കളമശ്ശേരി മണ്ഡലത്തിൻ്റെ അഭിമാനമുയർത്തിയ നൂറ് കണക്കിന് പ്രതിഭകളെയാണ് സംഗമത്തിൽ ആദരിച്ചത്. കാർഷികോത്സവത്തിന്റെ ഭാഗമായ കർഷകർ ഉൾപ്പെടെയുള്ളവരെയും ചടങ്ങിൽ ആദരിച്ചു.
കളമശ്ശേരി ചാക്കോളാസ് പവലിയനിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ മേഴ്സി കുട്ടൻ, പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദ്, പ്രമുഖ നാടകാചാര്യൻ ടി.എം എബ്രഹാം, കഥകളി ആചാര്യൻ ശങ്കര വാര്യർ, കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം സഹീർ അലി, കാർഷികോത്സവം ചെയർമാൻ വി.എം ശശി, പ്രമുഖ കർഷകൻ ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്
- Log in to post comments