മീസില്‍സ് -റൂബല്ല വാക്സിനേഷന്: കോട്ടയം ജില്ല ഒന്നാമത്
മീസില്‍സ്-റൂബല്ല വാക്സിനേഷനില്‍ 98.13 ശതമാനം നേട്ടം കൈവരിച്ച് കോട്ടയം ജില്ല ഒന്നാമതെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. മീസില്‍സ്-റൂബല്ല മൂലം ഉണ്ടാകുന്ന ജ•വൈകല്യങ്ങള്‍ ഇല്ലാതാക്കുന്നതിന് സംസ്ഥാന വ്യാപകമായി ഒന്‍പതുമാസം മുതല്‍ 15 വയസ്സുവരെയുളള കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ് നല്‍കിയത്. ജില്ലയില്‍ 359807 കുട്ടികളായിരുന്നു കണക്കു പ്രകാരം പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടിയിരുന്നത്. 353114 കുട്ടികള്‍ക്ക് ഇതിനോടകം കുത്തിവയ്പ് നല്കി കഴിഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഡോക്ടര്‍മാര്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയ ജീവനക്കാരുടെ കഠിന പ്രയത്നത്തിലൂടെയാണ് ജനങ്ങളെ വ്യാപകമായി ബോധവത്ക്കരിച്ചു കൊണ്ട് ജില്ലയില്‍ ഇത്രയധികം കുട്ടികള്‍ക്ക് സുഗമമായി ക്യാമ്പുകള്‍ നടത്താന്‍ കഴിഞ്ഞത്. വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ പിന്തുണയും സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്കൂളുകള്‍, അങ്കണവാടികള്‍, പ്ലേ സ്കൂളുകള്‍ തുടങ്ങിയവയും പരിപാടിയുമായി സഹകരിച്ചു.
(കെ.ഐ.ഒ.പി.ആര്-2038/17)
- Log in to post comments