Skip to main content

എച്ച്1എന്‍1; ആശങ്കപ്പെടേണ്ടതില്ല - ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 

ജില്ലയില്‍ ചിലയിടങ്ങളില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും  ഇത് പടര്‍ന്നുപിടിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. 

ഇത് ഒരു വൈറസ് രോഗമാണ്. രോഗിയുടെ മൂക്കിലും വായിലുമുള്ള സ്രവങ്ങളിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വൈറസ് മറ്റൊരാളിലേക്ക് പകരാം. 

രോഗലക്ഷണങ്ങള്‍

പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശരീരവേദന, ശ്വാസം മുട്ടല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദിയും വയറിളക്കവുമുണ്ടാകാം. 

ഗര്‍ഭിണികളും വയോധികരും പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം, കരള്‍ രോഗം, വൃക്ക രോഗം, രക്താതിസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും ഡോക്ടറുടെ സേവനം തേടണം. 

രോഗപ്പകര്‍ച്ച എങ്ങനെ തടയാം

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കം വായും ടൗവ്വല്‍/ടിഷ്യൂ പേപ്പര്‍ കൊണ്ട് മൂടിപ്പിടിക്കണം. കൈകള്‍ കൂടെക്കൂടെ സോപ്പ് ഉപയോഗിച്ച് കഴുകണം. പനിയുള്ളവര്‍ പൊതുസ്ഥലങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലും പോകരുത്. പനിയുള്ളവര്‍ മറ്റുള്ളവരില്‍ നിന്നും ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. രോഗിക്കായി പ്രതേ്യക മുറി ഏര്‍പ്പെടുത്തണം. ഒരാള്‍ മാത്രം രോഗിയുടെ പരിചരണ ചുമതല ഏറ്റെടുക്കുക. രോഗിക്ക് വിശ്രമം ആവശ്യമാണ്. കൂടാതെ പോഷകാഹാരങ്ങളും പാനീയങ്ങളും ധാരാളമായി കഴിക്കണം. 

എച്ച് വണ്‍ എന്‍ വണ്‍ ചികിത്സ

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഒസള്‍ട്ടാമിവിര്‍  ഗുളിക സൗജന്യമായി ലഭിക്കും. നിലയ്ക്കല്‍, പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് മരുന്ന് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ഡോക്ടറുടെ നിര്‍ദേശാനുസരണം ഒസള്‍ട്ടാമിവിര്‍ ഗുളിക ലഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

                 (പിഎന്‍പി 3934/18)

date