വികസന സദസ് പദ്ധതി ആസൂത്രണത്തിനുള്ള ജനകീയവേദി : മന്ത്രി വീണാ ജോർജ്
ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വികസന സദസ് നടത്തി
ഭാവി പദ്ധതികൾ ജനകീയമായ ചർച്ചയിലൂടെ ആസൂത്രണം ചെയ്യുന്നതിനുള്ള വേദിയാണ് വികസന സദസ് എന്ന്
ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വികസന സദസ്സ് എസ്എൻഡിപി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാരും തദ്ദേശസ്ഥാപനവും നടത്തുന്ന വികസന- ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനോടൊപ്പം വരും വർഷങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് അഭിപ്രായങ്ങൾ സ്വരൂപിക്കുന്ന ജനസദസാണിത്.
അതിദാരിദ്ര്യ നിർമാർജനത്തിനുള്ള പ്രവർത്തനമാണ് രണ്ടാം പിണറായി സർക്കാർ ആദ്യം ഏറ്റെടുത്ത് നടപ്പാക്കിയത്. നാലര വർഷം പൂർത്തിയാകുമ്പോൾ അതിദാരിദ്ര്യമുക്ത കേരളം എന്ന ലക്ഷ്യത്തിൽ നമ്മൾ എത്തിനിൽക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ വലിയ പുരോഗതി സൃഷ്ടിച്ചു. ഗ്രാമീണ റോഡുകൾ ഉൾപ്പെടെ ആധുനിക നിലവാരത്തിൽ നിർമ്മിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. ആരോഗ്യ മേഖലയിൽ കോടിക്കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വിജ്ഞാനകേരളം പദ്ധതിയിലൂടെ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.
സർക്കാരിനോട് ചേർന്നുള്ള പ്രവർത്തനമാണ് ചെന്നീർക്കര നടത്തുന്നത്.
ലൈഫ് മിഷൻ, അദിദാരിദ്ര്യ നിർമാർജനം, ആരോഗ്യം തുടങ്ങി എല്ലാ മേഖലയിലും പഞ്ചായത്ത് മുന്നിൽ നിൽക്കുന്നതായും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് തോമസ് അധ്യക്ഷനായി. കാർഷിക മേഖലയ്ക്ക് പഞ്ചായത്ത് പ്രഥമ പരിഗണന നൽകിയതായി അദ്ദേഹം പറഞ്ഞു. 78 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. 90 ഹെക്ടർ സ്ഥലത്ത് നെൽകൃഷി ചെയ്തു. 2021 വർഷം ആരോഗ്യ രംഗത്തെ പ്രവർത്തനത്തിന് ആർദ്രം പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. 2024 ൽ കായ കൽപ പുരസ്കാരവും ലഭിച്ചു.
ലൈഫ് മിഷൻ പദ്ധതിയിൽ 134 ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകി. പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കുന്നതിന് 84 സെൻറ് സ്ഥലം വാങ്ങി ജലജീവൻ മിഷന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
റിസോഴ്സ് പേഴ്സൺ കെ ജി ബഷീർ വികസന സദസ് ലക്ഷ്യം അവതരിപ്പിച്ചു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ അവതരണം സെക്രട്ടറി ബി ബിനുരാജ് നടത്തി. തുടർന്ന് ചർച്ച സംഘടിപ്പിച്ചു.
പഞ്ചായത്തിൻറെ വികസന പ്രവർത്തനങ്ങൾക്ക് ഭൂമി നൽകിയവരെയും ഹരിത കർമ്മ സേനാംഗങ്ങളെയും ഐടിഐ പരീക്ഷയിൽ ദേശീയതലത്തിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. 250 ൽ അധികം ആളുകൾ പങ്കെടുത്തു.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെ ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രഞ്ജിനി അജിത്, ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂർ ശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിലാഷ് വിശ്വനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജി ജോൺ, നീതു രാജൻ, അന്നമ്മ ജിജി, എൽ മഞ്ജുഷ, എം ആർ മധു തുടങ്ങിയവർ പങ്കെടുത്തു
സദസിന്റെ ഭാഗമായി സംഘടിപ്പിച്ച വിജ്ഞാനകേരളം തൊഴിൽമേളയും കെ സ്മാർട്ട് ക്ലിനിക്കും ശ്രദ്ധേയമായി. തൊഴിൽമേളയിൽ 53 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. 7 തൊഴിൽ ദാദാക്കൾ പങ്കെടുത്തു.
- Log in to post comments