ഭരണഘടനയും ന്യൂനപക്ഷ അവകാശ സംരക്ഷണവും: ചരിത്രവും ഭാവിയും ചർച്ച ചെയ്ത് വിഷൻ 2031 സെമിനാർ
വൈവിധ്യ ബഹുലമായ ഇന്ത്യയിൽ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ , സംരക്ഷണവും, ചരിത്രവും, ഭാവിയും ചർച്ച ചെയ്ത് വിഷൻ 2031 ന്റെ ഭാഗമായി സംഘടിപ്പിച്ച നവകേരളവും, ന്യൂനപക്ഷ ക്ഷേമവും സെമിനാർ.
ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ നടന്ന സെമിനാറിൽ ഭരണഘടനയും "ന്യൂനപക്ഷ അവകാശ സംരക്ഷണവും " എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഭരണഘടന രൂപീകരണത്തിന്റെ ചരിത്രം മുതൽ സമകാലിക വിഷയങ്ങൾ വരെ ഉൾപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ കമ്മീഷൻ ചെയർമാൻ എ എ റഷീദ് മോഡറേറ്ററായി. എ. എ റഹീം എം.പി, ഹൈക്കോടതി സീനിയർ ഗവ പ്ലീഡർ അഡ്വ. കെ വി മനോജ് കുമാർ, കോഴിക്കോട് ആർട്സ് ആന്റ് സയൻസ് കോളേജ് പി ജി & റിസർച്ച് ഹെഡ് പ്രൊഫ. (ഡോ ) പി ജെ വിൻസന്റ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകിവന്നിരുന്ന പ്രാതിനിധ്യത്തെ കുറിച്ചും ഭരണഘടനയിലെ ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചും എ എ റഹീം എംപി വിശദമാക്കി. മതേതര രാജ്യമായ ഇന്ത്യയിൽ പൗരന് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. വിവേചനമില്ലാതെ ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനും, അവസര സമത്വത്തിനുള്ള അവകാശവും ഭരണഘടന മുന്നോട്ടു വെയ്ക്കുന്നു .ഭൂരിപക്ഷം കൂടുതലുള്ള സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും ന്യൂനപക്ഷ സമൂഹങ്ങളെയും എത്തിച്ച് തുല്യമായ ജീവിതസാഹചാര്യം ഉറപ്പുവരുത്തുക എന്നതാണ് ന്യൂനപക്ഷ അവകാശത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് സ്വതന്ത്രമായി, സമാധാനത്തോടെ അവരുടെ മതാചാരങ്ങൾ അനുസരിച്ച് ജീവിക്കാനും സംസ്കാരവും, ഭാഷയും, ലിപികളും, പൈതൃകങ്ങളും സംരക്ഷിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ഇത്തരം അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഭരണഘടന വിരുദ്ധമാണ്. ന്യൂനപക്ഷങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കു മാതൃഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനുമുള്ള അവകാശവും ന്യൂനപക്ഷങ്ങൾക്കുണ്ട്. ഭരണഘടന അവകാശങ്ങളിൽ ഭേദഗതി വരുത്താൻ തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന് അവകാശമില്ല. ഭരണഘടനയിലുള്ള എല്ലാ അവകാശങ്ങളും ന്യൂനപക്ഷങ്ങൾക്ക് ഉറപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടന ഒരു മതത്തെയും പ്രതിനിധാനം ചെയ്യുന്നില്ല. ഇന്ത്യൻ ഭരണഘടനയിലെ ഓരോ ചിഹ്നവും ചിത്രങ്ങളും രാജ്യത്തിന്റെ വൈവിധ്യമായ പാരമ്പര്യത്തെയും വിഭവ സമ്പത്തുകളെയും ചരിത്രത്തെയും സൂചിപ്പിക്കുന്നതാണ്. ഒരു മതവിഭാഗത്തെയും പ്രതിനിധീകരിക്കുന്നത് അല്ലെന്ന് കോഴിക്കോട് ആർട്സ് ആന്റ് സയൻസ് കോളേജ് പി ജി & റിസർച്ച് ഹെഡ് പ്രൊഫ. (ഡോ ) പി ജെ വിൻസന്റ് പറഞ്ഞു.
ഇന്ത്യ പരമാധികാര മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക് രാജ്യമാണ്. ഇന്ത്യയുടെ ഈ സവിശേഷത നിലനിർത്തി മുന്നോട്ടു പോകേണ്ടത് അനിവാര്യമാണ്. ഭരണഘടനാപരമായ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇന്ത്യൻ സാംസ്‌കാരിക പൈതൃകവും ഭരണഘടനയും ന്യൂനപക്ഷ അവകാശ സംരക്ഷണത്തിലെ പ്രധാന ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു
- Log in to post comments