Skip to main content

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെ വികസന സദസിന്റെ ഉദ്ഘാടനം വായ്പൂര് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ നിര്‍വഹിച്ചു.
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷനായി. സംസ്ഥാനസര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമായാണ് വികസന സദസ്സ് സംഘടിപ്പിച്ചത്. റിസോഴ്‌സ് പേഴ്സണ്‍ കെ വിനീത വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. തുടര്‍ന്ന് വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടം സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു. പഞ്ചായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും സംബന്ധിച്ച്  അസിസ്റ്റന്റ് സെക്രട്ടറി റംല ബീവി അവതരണം നടത്തി. ഭാവി വികസനത്തെ കുറിച്ച് ചര്‍ച്ചയും നടന്നു.
ഭവനരഹിതരായ 118 ആളുകള്‍ക്ക് ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ വീട് നല്‍കി. 155 കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണത്തിന് ആനുകൂല്യം നല്‍കി.
ഡിജി കേരളം' പദ്ധതിയിലൂടെ കണ്ടെത്തിയ 1532 പഠിതാക്കളില്‍ മുഴുവന്‍ പേര്‍ക്കും പരിശീലനം നല്‍കി. മുഖ്യമന്ത്രിയുടെ റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി റോഡുകള്‍ നിര്‍മിച്ചു സഞ്ചാരയോഗ്യമാക്കിയതായും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടി.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എ ജമീല ബീവി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ആര്‍ കരുണാകരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദീപ്തി ദാമോദരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി അഞ്ജലി, മീനാ മാത്യു, അമ്മിണി രാജപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
 

 

date