Skip to main content

*അതിദാരിദ്ര്യമുക്ത കേരളം തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകം: മന്ത്രി എം ബി രാജേഷ്

 

 

* ചേരാനല്ലൂർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു

 

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള മുന്നേറ്റത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടന നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

 

നവംബർ ഒന്നിന് കേരളം രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മാറുകയാണ്. 2021-ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഓരോ കുടുംബത്തിനും വേണ്ടി മൈക്രോ പ്ലാൻ തയ്യാറാക്കി നടപ്പാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.  

 

വീടില്ലാത്തവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി, സ്ഥലമില്ലാത്ത അതിദരിദ്രർക്ക് ഭൂമി പതിച്ചുനൽകാൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകി. പതിച്ചുനൽകിയ ഭൂമിയിൽ ലൈഫ് പദ്ധതി പ്രകാരം ഉടൻ വീട് നിർമ്മിക്കാൻ പണം നൽകുകയും ചെയ്തു. നിശ്ചിത സമയത്തിനുള്ളിൽ കണ്ടെത്തിയ അതിദരിദ്രരെ മോചിപ്പിക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിനും ഓരോ തദ്ദേശ സ്ഥാപനത്തിനും അഭിമാനിക്കാവുന്ന നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി ജനങ്ങൾ ഓഫീസുകളിൽ നേരിട്ട് വരേണ്ട സാഹചര്യം ഒഴിവാക്കുന്നതിനുള്ള വിപ്ലവകരമായ മാറ്റമാണ് കെ-സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ ഏത് സേവനവും ലോകത്ത് എവിടെയിരുന്നും വിരൽത്തുമ്പിൽ ലഭ്യമാക്കാൻ ഇതിലൂടെ കഴിയും. 

 

കെ-സ്മാർട്ട് വഴി വീഡിയോ കെ.വൈ.സി ഉപയോഗിച്ച് വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നത് ലോകത്തിന് തന്നെ മാതൃകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന 1,65,430 വിവാഹ രജിസ്ട്രേഷനുകളിൽ 70,937 എണ്ണവും വീഡിയോ കെ.വൈ.സി വഴിയാണ് നടന്നത്. ഈ സൗകര്യം നിലവിലുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. 

 

കെ-സ്മാർട്ട് നടപ്പാക്കിയതോടെ കെട്ടിട നിർമ്മാണ പെർമിറ്റുകൾ വേഗത്തിൽ ലഭിക്കാൻ തുടങ്ങി. 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാം. പ്ലാൻ ഓൺലൈനായി സമർപ്പിക്കുമ്പോൾ കെ-സ്മാർട്ടിലെ റൂൾ എഞ്ചിൻ ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കുകയും ചട്ടപ്രകാരമാണെങ്കിൽ സെക്കൻഡുകൾക്കുള്ളിൽ ഓട്ടോമാറ്റിക്കായി പെർമിറ്റ് നൽകുകയും ചെയ്യുന്നു. കെ-സ്മാർട്ട് നിലവിൽ വന്നശേഷം 81,212 കെട്ടിട നിർമ്മാണ പെർമിറ്റുകൾ വെറും 30 സെക്കൻഡിൽ താഴെ സമയം കൊണ്ട് അനുവദിച്ചു.

 

മാലിന്യമുക്ത നവകേരളത്തിനായി തദ്ദേശ സ്ഥാപനങ്ങൾ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. മാലിന്യം വേർതിരിച്ച് കൈകാര്യം ചെയ്ത് ബ്രഹ്മപുരത്തെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ പഞ്ചായത്തുകൾക്ക് സാധിച്ചു. ജനന സർട്ടിഫിക്കറ്റ് മുതൽ ഡെത്ത് സർട്ടിഫിക്കറ്റ് വരെ എല്ലാ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കാനാകും. കേരളത്തിലെ പഞ്ചായത്തുക്കളെ സേവനങ്ങൾക്കായി നേരിട്ട് ആശ്രയിക്കാത്ത സ്ഥിതിയുണ്ടാവണം എന്നതാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് ഫണ്ടും, ടി.ജെ. വിനോദ് എം.എൽ.എ.യുടെ ആസ്‌തി വികസന ഫണ്ടും സംയോജിപ്പിച്ചാണ് മൂന്ന് നിലകളിലായി എ.സി. ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഹാൾ പൂർത്തിയാക്കിയത്. 

 

ടി.ജെ. വിനോദ് എം.എൽ.എ. അധ്യക്ഷനായ ചടങ്ങിൽ ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേഷ്, വൈസ് പ്രസിഡൻ്റ് ആരിഫാ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, ഗാനരചയിതാവ് ചിറ്റൂർ ഗോപി, സിനിമാ-സീരിയൽ താരം ബൈജു ജോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് മെമ്പർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

date