എറണാകുളം അറിയിപ്പുകള്1
ഫോട്ടോ ജേര്‍ണലിസം കോഴ്സ്
ഡിസംബര്‍ 13 വരെ അപേക്ഷിക്കാം
കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ തിരുവനന്തപുരം, എറണാകുളം സെന്ററുകളില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് 2018 ഡിസംബര്‍ 13 വരെ അപേക്ഷിക്കാം.
അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000/- യാണ് ഫീസ്. ഓരോ സെന്ററിലും 30 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും. അപേക്ഷാ ഫോറം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org -ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 / കേരള മീഡിയ അക്കാദമി ,തിരുവനന്തപുരം സബ്ബ് സെന്റര്‍,ടി.സി 9/1487, ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 0484 2422068
ലോജിസ്റ്റിക്സ്& സപ്ലൈചെയ്ന്‍ മാനേജ്മെന്റ്
ഡിപ്ലോമ കോഴ്സ്
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് & സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.
ഉടന്‍ ബന്ധപ്പെടുക : 04712325154, 0471 4016555.
സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്
അദാലത്ത്/സിറ്റിംഗ്
കൊച്ചി: ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് ഡിസംബറില്‍ നടത്തുന്ന സിറ്റിംഗ്/അദാലത്ത് ഡിസംബര്‍ 14-ന് രാവിലെ 10-ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തും. അദാലത്ത്/സിറ്റിംഗില്‍ പങ്കെടുക്കുവാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും രാവിലെ 10-ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ഹാജരാകണം.
വെഞ്ച്വര്‍ ഫണ്ട് പദ്ധതിയിലേക്ക് പട്ടികജാതി പട്ടികവര്‍ഗ
വികസന കോര്പറേഷന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഭാരത സര്‍ക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം പട്ടികജാതിയില്‍പ്പെട്ട മികച്ച സംരംഭകരെ കണ്ടെത്തുന്നതിനും അവരുടെ നൂതന ബിസിനസ് ആശയങ്ങള്‍ക്ക് പ്രചോദനം നല്കുന്നതിനുമായി ആവിഷ്കരിച്ചിട്ടുളള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് പദ്ധതിയില്‍ പരിഗണിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നതിനായി യോഗ്യരായ കമ്പനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പട്ടികജാതിയില്‍പ്പെട്ട സംരംഭകര്‍ക്ക് കുറഞ്ഞത് 60 ശതമാനം എങ്കിലും ഓഹരി മൂലധന നിക്ഷേപവും നിയന്ത്രണവും ഉളളതും കഴിഞ്ഞ 12 മാസകാലയളവില്‍ എങ്കിലും ഇപ്രകാരം പ്രവര്‍ത്തിക്കുന്നതുമായ കമ്പനികളെയാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്. കൂടാതെ ഇവര്‍ക്ക് 60 ശതമാനമെങ്കിലും മൂലധന നിക്ഷേപമുണ്ടായിരുന്ന വ്യക്തിഗത/പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ രൂപാന്തരപ്പെട്ട് ആരംഭിക്കുന്ന കമ്പനികളെയും ഉപാധികളോടെ പദ്ധതിയിന്‍ കീഴില്‍ പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ.എഫ്.സി.ഐ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുളള ഈ സഞ്ചിതനിധിയില്‍ നിന്നും ധനസഹായം നല്‍കുന്നത് ഓഹരി മൂലധനം/കടപ്പത്രം എന്ന വിധത്തിലുളള നിക്ഷേപം അഥവാ ഹ്രസ്വകാല വായ്പ എന്നീ രൂപത്തിലായിരിക്കും. 50 ലക്ഷം രൂപ മുതല്‍ പരമാവധി 15 കോടി രൂപ വരെയാണ് നിധിയില്‍ നിന്നും കമ്പനികള്‍ക്ക് ധനസഹായം അനുവദിക്കുന്നത്. ആസ്തി സൃഷ്ടിക്കുവാന്‍ പ്രാപതമായ ഉല്‍പ്പാദന സേവന മേഖലയിലുളള കമ്പനികളെയാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്. പരമാവധി ആറു വര്‍ഷം വരെയാണ് നിക്ഷേപത്തിന്റെ അഥവാ വായ്പയുടെ കാലപരിധി. ഇതിനുളളില്‍ നിക്ഷേപമോ, വായ്പയോ നിശ്ചിത ശതമാനം ലാഭവിഹിതം/പലിശ സഹിതം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിലേക്ക് തിരിച്ചടക്കേണ്ടതാണ്. ഇപ്രകാരം ധനസഹായം ലഭിക്കുന്ന കമ്പനികള്‍ അതുപയോഗിച്ച് ആര്‍ജിക്കുന്ന ആസ്തികള്‍ ഐ.എഫ്.സി.ഐ ക്ക് ജാമ്യമായി നല്‍കേണ്ടതാണ്. ഇതുമതിയായില്ലെങ്കില് മറ്റുതരത്തില്‍ ജാമ്യം നല്‍കേണ്ടിവരും.
താത്പര്യമുളള കമ്പനികള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് മുഖ്യകാര്യാലയം, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍-20 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0487-2331469. വ്യക്തികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കില്ല.
ഭവനനിര്‍മ്മാണ സഹായ കേന്ദ്രം ആരംഭിച്ചു
കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുളള വടക്കേക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, കോട്ടുവളളി, ഏഴിക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലുളള പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ഭവന നിര്‍മ്മാണ സഹായ കേന്ദ്രം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി ഉദ്ഘാടനം ചെയ്തു. ഭവനിര്മ്മാണത്തിനാവശ്യമായ സാങ്കേതിക സഹായം നല്‍കുക. എന്‍.ഒ.സി/പെര്‍മിറ്റ് നല്‍കുക. തൊഴിലുറപ്പ് പദ്ധതിയുടെ സേവനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ സഹായങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ലഭ്യമാകും.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് രമാ ശിവശങ്കരന്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ എം.എ രശ്മി, ടി.ഡി.സുധീര്‍, ബ്ലോക്ക് മെമ്പര്‍മാരായ ഹരി കണ്ടംമുറി, സീതാലക്ഷ്മി അനില്കുമാന്, ഗീതാ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീദേവി കെ.ജി തുടങ്ങിയവര്‍ പങ്കെടുത്തു.
കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍
കൊച്ചി: എറണാകുളം ജില്ലയിലെ 14 ബ്ലോക്കുകളിലേക്ക് കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങളില്‍ നിന്നോ അവരുടെ വനിതയായ കുടുംബാംഗത്തില്‍ നിന്നോ മാത്രമാണ് അപേക്ഷ ക്ഷണിക്കുന്നത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിര താമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍ / ആശ്രയ കുടുംബാംഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. പ്രവൃത്തി പരിചയും ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
എഴുത്ത് പരീക്ഷ (125 മാര്‍ക്ക്), ഫീല്‍ഡ് വര്‍ക്ക് (25), കമ്പ്യൂട്ടര്‍ വൈദഗ്ധ്യത്തില്‍ പ്രായോഗിക പരീക്ഷ (25), ഇന്റര്‍വ്യൂ (25) എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ആകെ സ്കോര്‍ 200 ആയിരിക്കും. എഴുത്ത് പരീക്ഷയില്‍ അര്‍ഹത നേടുന്നവര്‍ക്ക് മാത്രമേ തുടര്‍ന്നുള്ള ഫീല്‍ഡ് വിസിറ്റിന് പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവുകയുള്ളൂ. കമ്പ്യൂട്ടര്‍ പ്രായോഗിക പരീക്ഷക്ക് ശേഷം എഴുത്ത് പരീക്ഷ, ഫീല്‍ഡ് വിസിറ്റ്, കമ്പ്യൂട്ടര്‍ പ്രായോഗിക പരീക്ഷ എന്നിവയുടെ ആകെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഒഴിവിന്റെ മൂന്നിരട്ടി ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി ഇന്റര്‍വ്യൂവിന് അര്‍ഹത നേടിയവരുടെ പട്ടിക പ്രസിദ്ധീകരിക്കും. ഇതില്‍ ഉള്‍പ്പെടുന്നവര്‍ മാത്രമായിരിക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷ നല്കാന് പാടില്ല. അയല്‍ക്കൂട്ടം അംഗത്വം ഉള്ള ജില്ലയില്‍ മാത്രമേ ഉദ്യോഗാര്‍ത്ഥി അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളൂ.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് വേണ്ടത്. 2018 നവംബര്‍ 27-ന് പ്രായപരിധി 18--35 ആയിരിക്കണം. 15,000 രൂപയാണ് ശമ്പളം. കമ്മ്യൂണിറ്റി ഓര്ഗനൈസേഷന് രംഗത്തുള്ള പ്രവര്‍ത്തന പരിചയം അഭികാമ്യം. എംഎസ് വേഡ്, എക്സല്‍ എന്നിവയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. 2018 ഡിസംബര്‍ 10 വൈകുന്നേരം 5 മണി വരെ അപേക്ഷകള്‍ സ്വീകരിക്കും.
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ പ്രായം തെളിയിക്കുന്ന പേജിന്റെ കോപ്പി (പഴയ രീതിയിലുള്ള എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്ളവരാണ് പ്രായം തെളിയിക്കുന്ന പേജ് സമര്‍പ്പിക്കേണ്ടത്, പുതിയ രീതിയിലുള്ള സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ അതിന്റെ കോപ്പിയും നല്‍കണം), കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന രേഖ (അയല്‍ക്കൂട്ട പാസ്ബുക്കിന്റെ പേരും വിലാസവും രേഖപ്പെടുത്തിയ പേജാണ് വേണ്ടത്. പ്രളയത്തില്‍ അയല്‍ക്കൂട്ട പാസ്ബുക്ക് നഷ്ടപ്പെട്ടവര്‍ മെമ്പര്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ അംഗത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി), കുടുംബാംഗമാണെങ്കില്‍ ആരാണോ കുടുംബത്തില്‍ നിന്നും അംഗമായിട്ടുള്ളത് അവരുടെ അംഗത്വ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍, റേഷന്‍ കാര്‍ഡിലെ കുടുംബ വിവരങ്ങളടങ്ങുന്ന പേജ് എന്നിവയുടെ പകര്‍പ്പുകള്‍ എന്നിവ പൂരിപ്പിച്ച അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ (എം.ഐ.എസ്) എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര് മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷിക്കുന്നവര്‍ക്ക് ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍) ട്രേഡിലെ ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 2018 ഒക്ടോബര്‍ 22-ന് ് 18 നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ ഒഴിവുകള്‍ക്കുള്ള നിയമാനുസൃത വയസ്സിളവ് ബാധകമാണ് . കെമിക്കല്‍ പ്ലാന്റ് ആന്റ് മെഷിനറി ഡ്രോയിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പള പരിധി: 6540 --19140. കൂടാതെ മറ്റ് അലവന്‍സുകളും ഉണ്ടായിരിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഡിസംബര്‍ 20-ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ജില്ലാതല ഏകദിന ശില്പശാല
കൊച്ചി: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ജില്ലാതല ഏകദിന ശില്പശാല നടത്തുന്നു. ഡിസംബര്‍ 15 ശനിയാഴ്ച രാവിലെ 10ന് പറവൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, സ്വരാജ് എം, ഹൈബി ഈഡന്, വി.പി സജീന്ദ്രന്, അന്‍വര്‍ സാദത്ത്, വി.കെ ഇബ്രാഹിം കുഞ്ഞ്, എസ്. ശര്‍മ്മ, പറവൂര്‍ നഗരസഭ ചെയര്മാന് രമേഷ് ഡി കുറുപ്പ് എന്നിവര്‍ മുഖ്യാതിഥികളായി എത്തും. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് പി. സുരേഷ്, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
ആര്.എം.പി. തോട് പുനര്‍ജീവനം: യോഗം ഇന്ന് (ഡിസംബര്‍ 8 )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ തീരസംരക്ഷണത്തിന് ഗോശ്രീ ഐലന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി നിര്‍മ്മിക്കുന്ന ആര്.എം.പി. തോടിന്റെ പുനര്‍ജീവന പദ്ധതിയുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രി മെഴ്സിക്കുട്ടി അമ്മയുടെ നേതൃത്വത്തില്‍ ഇന്ന് (ഡിസംബര്‍ 8)വൈകീട്ട് 3-ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ യോഗം ചേരുന്നു. വൈപ്പിന്‍ എം.എല്‍.എ. എസ്. ശര്‍മ്മയുടെ സാന്നിദ്ധ്യത്തില്‍ കൊച്ചിയിലെ ഗോശ്രീ ഐലന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി, കേരള സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, ഫിഷറീസ് വകുപ്പ്, അഡാക്ക് എന്നിവയുടെ മേധാവികളും പദ്ധതിയുമായി ബന്ധപ്പെട്ട ഉദേ്യാഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
ഈ മാസം മൂന്ന് നേത്രചികിത്സാ ക്യാമ്പുകള്‍
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഈ മാസം മൂന്ന് നേത്രചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. 10-ന് അപ്പോളൊ ടയേഴ്സ്, വളയന്‍ചിറങ്ങര, 11-ന് കുന്നുകര പി.എച്ച്.സി, 18-ന് വരാപ്പുഴ പി.എച്ച്.സി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.
മെഡിക്കല്‍ ഓഫീസര്‍; കരാര്‍ നിയമനം
കൊച്ചി: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുളള വിമുക്തി ലഹരി വിമോചന കേന്ദ്രത്തിലേക്ക് ഒരു മെഡിക്കല്‍ ഓഫീസറെ
താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ് (സൈക്യാട്രി പി.ജി അഭികാമ്യം), കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. താത്പര്യമുളളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 11-ന് രാവിലെ 10-ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം.
- Log in to post comments