കുസാറ്റിൽ ക്വാണ്ടം സെഞ്ചുറി പ്രദർശനം ഇന്ന് (7 ന് ) ആരംഭിക്കും
ഐക്യരാഷ്ട്ര സംഘടന ക്വാണ്ടം സിദ്ധാന്തത്തിന്റെ ശതാബ്‌ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ചുറി പ്രദർശനത്തിന് ഇന്ന് (നവംബർ 7) തുടക്കം. പ്രദർശനത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബർ 7) രാവിലെ 9 ന് ഉന്നത വിദ്യാഭ്യസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷനാവും.
കുസാറ്റ് വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി, സിൻഡിക്കേറ്റ് അംഗവും യൂത്ത് വെൽഫെയർ വകുപ്പ് ഡയറക്ടറുമായ ഡോ. പി.കെ. ബേബി, കുസാറ്റ് രജിസ്ട്രാർ ഡോ. എ.യു അരുൺ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് ടി.കെ. മീരാബായി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ക്വാണ്ടം ശാസ്ത്രത്തിന്റെ സങ്കീർണ്ണമായ ആശയങ്ങളെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക, ഇതുമായി ബന്ധപ്പെട്ട അത്യാധുനിക സാങ്കേതികവിദ്യകളും ശാസ്ത്രീയ ഗവേഷണങ്ങളും സമൂഹത്തിന് പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നവംബർ 7 മുതൽ 16 വരെ നീണ്ടുനിൽക്കുന്ന പത്ത് ദിവസത്തെ പ്രദർശനത്തിനുള്ളത്.
സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഡയറക്ടർ ഡോ. പി. ഷൈജുവിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ക്യൂരിഫൈ, ഫെഡറൽ ബാങ്ക്, ലൂക്കാ സയൻസ് ഫോറം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവരാണ് സഹസംഘാടകർ.
- Log in to post comments