Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: ജാതി, മതം, വംശം, ഭാഷ എന്നിവയുടെ പേരില്‍ സംഘര്‍ഷങ്ങളോ വിദ്വേഷമോ ഉണ്ടാകുന്ന രീതിയിലുള്ള പ്രചാരണം ഒഴിവാക്കണം

ജാതി, മതം, വംശം, ഭാഷ എന്നിവയുടെ പേരില്‍ സംഘര്‍ഷങ്ങളോ വിദ്വേഷമോ ഉണ്ടാകുന്ന രീതിയിലുള്ള പ്രചാരണം തദേശ തിരഞ്ഞെടുപ്പില്‍ ഒഴിവാക്കണം. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്. സാമൂഹിക ബഹിഷ്‌കരണം, സാമൂഹിക ജാതി ഭ്രഷ്ട് തുടങ്ങിയ തരത്തിലുള്ള ഭീഷണി പാടില്ല.
ആരാധനാലയം മതസ്ഥാപനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കരുത്.
എതിര്‍ കക്ഷികളുടെ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതം വിമര്‍ശിക്കുകയോ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്യരുത്. വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം, പ്രതിഷേധം, പിക്കറ്റിംഗ് തുടങ്ങിയവ പാടില്ല. അടിസ്ഥാനരഹിതമായ ആരോപണം ഒഴിവാക്കുക. സ്ഥലം, കെട്ടിടം, മതില്‍ എന്നിവയില്‍ ഉടമസ്ഥന്റെ അനുവാദം കൂടാതെയും സര്‍ക്കാര്‍ ഓഫീസുകളുടെ കോമ്പൗണ്ടിലും പരിസരത്തും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കരുത്.
പൊതുയോഗം നടത്തുന്ന സ്ഥലം, സമയം, ജാഥ റൂട്ട്  തുടങ്ങിയ വിവരം പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം. പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുമ്പോള്‍ നിയമവ്യവസ്ഥയും കോടതി ഉത്തരവും കൃത്യമായി പാലിക്കണം. ഗതാഗതക്കുരുക്ക് ഒഴിവാക്കിയും ട്രാഫിക് നിയന്ത്രണം പാലിച്ചും ജാഥ സംഘടിപ്പിക്കണം.
ലഘുലേഖ, പോസ്റ്റര്‍ തുടങ്ങിയവയില്‍ അച്ചടിച്ച പ്രസിന്റെയും പ്രസാധകന്റെയും മേല്‍വിലാസം നിര്‍ബന്ധമായി ഉണ്ടാകണം. വ്യക്തിയുടെ അനുമതിയില്ലാതെ അവരുടെ സ്ഥലം, കെട്ടിടം, മതില്‍ എന്നിവയില്‍ പോസ്റ്റര്‍ ഒട്ടിക്കുകയോ മുദ്രാവാക്യം എഴുതുകയോ കൊടിമരം നാട്ടുകയോ ചെയ്യരുത്. പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കരുത്. പത്രം, ടി.വി, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യം നിയമാനുസൃതമായിരിക്കണം.
വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി പ്രത്യേക പ്രചാരണവാഹനമായോ മറ്റോ ഉപയോഗിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി വാങ്ങണം.

date