Skip to main content

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: ജില്ലയിൽ 25 ലക്ഷം ഫോമുകൾ വിതരണം ചെയ്തു; പ്രവർത്തനങ്ങൾ ത്വരിതഗതിയിലെന്ന് ജില്ലാ കളക്ടർ

ജില്ലയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ജി. പ്രിയങ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനകം ജില്ലയിൽ 25,14,026 (95 ശതമാനത്തോളം) എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തു. നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പൂർണ്ണ സഹകരണം അനിവാര്യമാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

 

വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇനി 14 ദിവസങ്ങൾ മാത്രമാണുള്ളത്. വിതരണം ചെയ്തവയിൽ 2,36,265 ഫോമുകൾ (ഏകദേശം 9%) പൂരിപ്പിച്ച് തിരികെ ലഭിക്കുകയും അവ ഡിജിറ്റൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

 

 ഫ്ലാറ്റ് - റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുഖേന ഫോമുകൾ ശേഖരിച്ച് ക്യാമ്പുകളിൽ എത്തിക്കാവുന്നതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. 

 

തൃക്കാക്കര, തൃപ്പൂണിത്തുറ, എറണാകുളം തുടങ്ങിയ നഗര മണ്ഡലങ്ങളിൽ ഫ്ലോട്ടിംഗ് പോപ്പുലേഷൻ കൂടുതലായതിനാലും, വോട്ടിംഗ് ശതമാനം കുറവായതിനാലും അവിടെ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ബി.എൽ.ഒമാർ പലതവണ വീടുകളിൽ എത്തിയിട്ടും വിവരങ്ങൾ ശേഖരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, നഗരമേഖലകളിൽ ആരംഭിച്ചിട്ടുള്ള കളക്ഷൻ ക്യാമ്പുകൾ ജനങ്ങൾ പ്രയോജനപ്പെടുത്തണം. രാപകലില്ലാതെ കർമ്മനിരതരായ ബി.എൽ.ഒമാരെയും അവർക്ക് പിന്തുണ നൽകുന്ന കുടുംബാംഗങ്ങളെയും ജില്ലാ കളക്ടർ അഭിനന്ദിച്ചു. ഈ 31 ദിവസത്തെ കഠിനാധ്വാനത്തിൽ അവരുടെ പങ്ക് വലുതാണെന്നും അവർ കൂട്ടിച്ചേർത്തു.

 

തൃപ്പൂണിത്തുറ മണ്ഡലത്തിൽ 46 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നതെന്ന് സബ് കളക്ടറും മണ്ഡലം ഇ.ആർ.ഒയുമായ ഗ്രന്ഥേ സായി കൃഷ്ണ പറഞ്ഞു. പൊതുജനങ്ങൾ ഫോമുകൾ പൂരിപ്പിക്കുമ്പോൾ അടിസ്ഥാന വിവരങ്ങളായ പേര്, ഫോൺ നമ്പർ, ആധാർ, മാതാപിതാക്കളുടെ പേര് തുടങ്ങിയവ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. സംശയമുള്ള മറ്റ് വിവരങ്ങൾ പൂരിപ്പിക്കാൻ ക്യാമ്പിലെ വോളണ്ടിയർമാരുടെയോ ബി.എൽ.ഒമാരുടെയോ സഹായം തേടാവുന്നതാണ്. അടിസ്ഥാന വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ചു നൽകുന്നത് തിരക്കുള്ള സമയങ്ങളിൽ ബി.എൽ.ഒമാരുടെ ജോലി എളുപ്പമാക്കാൻ സഹായിക്കുമെന്നും സബ് കളക്ടർ പറഞ്ഞു.

 

തൃക്കാക്കര മണ്ഡലത്തിൽ 49 ക്യാമ്പുകളിലും എറണാകുളം മണ്ഡലത്തിൽ 36 സെന്ററുകളിലുമായാണ് പൂരിപ്പിച്ച ഫോമുകൾ സ്വീകരിക്കുന്നതെന്ന് ഡെപ്യൂട്ടി കളക്ടറും തൃക്കാക്കര മണ്ഡലം ഇ.ആർ.ഒയുമായ വി ഇ അബ്ബാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി.എൽ.ഒമാർ ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്. പൊതുജനങ്ങൾ തങ്ങളുടെ കൈവശമുള്ള ഫോമുകൾ പൂരിപ്പിച്ച് ഈ ക്യാമ്പുകളിൽ എത്തിച്ചു നൽകി ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

 

ഹെൽപ്പ് ലൈനും വോളണ്ടിയർ സേവനവും*

 

എന്യൂമറേഷൻ ഫോം ലഭിക്കാത്തവർക്ക് ജില്ലാ ഭരണകൂടത്തിന്റെ ഫേസ്ബുക്ക് പേജിൽ നൽകിയിട്ടുള്ള ഹെൽപ്പ് ലൈൻ നമ്പറുകളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ ബന്ധപ്പെടാമെന്നും ജില്ലാ കളക്ടർ പറഞ്ഞു. എപിക് (EPIC) നമ്പർ നൽകിയാൽ ബന്ധപ്പെട്ട ബി.എൽ.ഒയെ കണ്ടെത്തി ഫോം എത്തിക്കാൻ നടപടി സ്വീകരിക്കും. വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി കൂടുതൽ സാങ്കേതിക വോളണ്ടിയർമാരുടെ സേവനം ആവശ്യമുണ്ടെന്നും, താൽപ്പര്യമുള്ളവർക്ക് ഫേസ്ബുക്കിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാമെന്നും അറിയിച്ചു.

 

തിരഞ്ഞെടുപ്പ് : ജില്ലാ പഞ്ചായത്തിൽ 156 നാമനിർദ്ദേശപത്രികൾ*

 

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിലേക്ക് ആകെ 156 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചിട്ടുള്ളതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിൽ 81 എണ്ണം പുരുഷന്മാരുടേതും 75 എണ്ണം സ്ത്രീകളുടേതുമാണ്. സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന (Scrutiny) ഇന്ന് (നവംബർ 22) നടക്കും. 

 

എറണാകുളം പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താസമ്മേളനത്തിൽ കണയന്നൂർ താലൂക്ക് തഹസിൽദാർ ജോസഫ് ആൻറണി ഹെർട്ടീസും പങ്കെടുത്തു.

date