Skip to main content
..

22,54,848 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ണം- ജില്ലാ കലക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. 68 ഗ്രാമപഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും നാല് നഗരസഭകളും കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ 85 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 1698 നിയോജകമണ്ഡലം/വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഏഴ് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിച്ചു.
അന്തിമ വോട്ടര്‍പട്ടികപ്രകാരം ജില്ലയില്‍ 22,54,848 വോട്ടര്‍മാരുണ്ട്. 10,43,920 (പുരുഷ) 12,10,905 (സ്ത്രീ) 23 (ട്രാന്‍സ്‌ജെന്‍ഡര്‍) ഉള്‍പ്പെടുന്നു. 48 പേര്‍ പ്രവാസികളാണ്.  
ജില്ലയില്‍ 5652 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത്. 2514  പുരുഷന്മാരും   3138 വനിതകളും ഉള്‍പ്പെടുന്നു. 1721 പേര്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. ആകെ സ്ഥാനാര്‍ഥികള്‍- 5652. ജില്ലാ പഞ്ചായത്ത്-98, ബ്ലോക്ക് പഞ്ചായത്ത്-523, ഗ്രാമപഞ്ചായത്ത്-4402, കോര്‍പറേഷന്‍-202, നഗരസഭ-427.
ഇലക്ട്രോണിക് വോട്ടിംഗ്‌യന്ത്രങ്ങളുടെ കമ്മീഷനിങ് പൂര്‍ത്തിയാക്കി. പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടാകും. വോട്ടിംഗ് കംപാര്‍ട്ട്മെന്റില്‍ വച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭ/ കോര്‍പറേഷനില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. ഒരു ബാലറ്റ് യൂണിറ്റില്‍ 15 വരെ സ്ഥാനാര്‍ഥികളെയാണ് ക്രമീകരിക്കുന്നത്. 7422 ബാലറ്റ് യൂണിറ്റുകളും 2730 കണ്‍ട്രോള്‍ യൂണിറ്റുകളും സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുണ്ട് . റിസര്‍വ് യൂണിറ്റുകളും സജ്ജമാണ്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13056 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 3264 വീതം പ്രിസൈഡിങ് ഓഫീസര്‍മാരും 3264 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 6528 പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. 4016  പുരുഷന്മാരും   9040 സ്ത്രീകളുമുണ്ട്. ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട്   പോളിങ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക.
1698 വാര്‍ഡുകളിലായി 2720 പോളിംഗ് സ്റ്റേഷനുകളുണ്ട്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും ശേഖരണത്തിനും വോട്ടെണ്ണലിനുമായി 16 കേന്ദ്രങ്ങളും.  
ഡിസംബര്‍ എട്ട് രാവിലെ എട്ടു മുതലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം. ബസുകളും, മിനി ബസുകളും, കാറുകളും ജീപ്പുകളും ഉള്‍പ്പെടെ 1161 വാഹനങ്ങള്‍ ലഭ്യമാക്കും. 61 പ്രശ്‌നബാധിത ബൂത്തുകളിലേക്ക് വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി.

 
വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍
വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ ഒമ്പതിന് രാവിലെ ആറിന് അതത് പോളിംഗ് സ്റ്റേഷനുകളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക് പോളിംഗ് നടക്കും. രാവിലെ എഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം.

തിരിച്ചറിയല്‍ രേഖകള്‍
വോട്ടുചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസം മുമ്പെങ്കിലും ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുംഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.

 
പൊതു അവധി
തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒന്‍പതിന് ജില്ലയില്‍ പൊതു അവധിയാണ്. പോളിംഗ് സ്റ്റേഷനുകളും വോട്ടെണ്ണല്‍കേന്ദ്രങ്ങളുമായ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ എട്ടിനും അവധി.

 
വോട്ടെണ്ണല്‍ 13ന്

പോളിംഗിനുശേഷം സ്വീകരണ-വിതരണകേന്ദ്രങ്ങളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോംഗ്‌റൂമുകളിലേക്കു മാറ്റും. ഇതേകേന്ദ്രങ്ങളില്‍തന്നെയാണ് ഡിസംബര്‍ 13ന് വോട്ടെണ്ണല്‍. 

 
വിതരണ-സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
പോളിംഗ്‌സാമഗ്രികള്‍ വിതരണംചെയ്യുകയും സ്വീകരിക്കുകയും വോട്ടെണ്ണല്‍ നടത്തുകയും ചെയ്യുന്ന കേന്ദ്രങ്ങള്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍:
കരുനാഗപ്പള്ളി ബോയ്‌സ് എച്ച്എസ്എസ്, ഗേള്‍സ് എച്ച്എസ് കരുനാഗപ്പള്ളി - ഓച്ചിറ ബ്ലോക്ക്
കെ.എസ്.എം ഡി ബി കോളേജ്- ശാസ്താംകോട്ട ബ്ലോക്ക്
സര്‍ക്കാര്‍ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിഴക്കുഭാഗം, പടിഞ്ഞാറ് ഭാഗം- വെട്ടിക്കവല ബ്ലോക്ക്
സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- പത്തനാപുരം ബ്ലോക്ക്
സെന്റ് ജോണ്‍സ് കോളേജ്- അഞ്ചല്‍ ബ്ലോക്ക്
സര്‍ക്കാര്‍ ബോയ്‌സ് എച്ച്എസ്എസ്, വിഎച്ച്എസ്എസ്- കൊട്ടാരക്കര ബ്ലോക്ക്
എംജിഡി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുണ്ടറ- ചിറ്റുമല ബ്ലോക്ക്
സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശങ്കരമംഗലം - ചവറ ബ്ലോക്ക്
മീനാക്ഷി വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പേരൂര്‍- മുഖത്തല ബ്ലോക്ക്
എന്‍എസ്എസ് കോളേജ്, നിലമേല്‍- ചടയമംഗലം ബ്ലോക്ക്
സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാത്തന്നൂര്‍- ഇത്തിക്കര ബ്ലോക്ക്

നഗരസഭകള്‍
ഡോ. വി.വി വേലുക്കുട്ടി അരയന്‍ മെമ്മോറിയല്‍ ഗവ.റീജിയണല്‍ ഫിഷറീസ് ടെക്കനിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- കരുനാഗപ്പള്ളി നഗരസഭ
മാര്‍ത്തോമ ഗേള്‍സ് ഹൈസ്‌കൂള്‍- കൊട്ടാരക്കര നഗരസഭ
എസ് എന്‍ വി ഗേള്‍സ് ഹൈസ്‌കൂള്‍- പരവൂര്‍ നഗരസഭ
സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- പുനലൂര്‍ നഗരസഭ

കോര്‍പറേഷന്‍
സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവള്ളി

തിരഞ്ഞെടുപ്പ് വിജ്ഞാപനവും പെരുമാറ്റചട്ടവും
നവംബര്‍ 10നാണ് പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വന്നത്. 14ന് വിജ്ഞാപനമായി.  പൊതുജനങ്ങള്‍, സ്ഥാനാര്‍ഥികള്‍ എന്നിവരുടെ സംശയങ്ങളും പരാതികളും പരിഹരിക്കാന്‍ കലക്ടറേറ്റില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിച്ചു. നവംബര്‍ 13 മുതല്‍ പെരുമാറ്റചട്ട നിരീക്ഷണസമിതി യോഗങ്ങള്‍ക്ക് തുടക്കമായി. രണ്ടു ദിവസത്തിലൊരിക്കല്‍ യോഗംചേര്‍ന്ന് ലഭ്യമായ പരാതികള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു. പരാതികളും സംശയങ്ങളും പരിഹരിക്കാന്‍ പെരുമാറ്റചട്ട നോഡല്‍ ഓഫീസറെ നിയോഗിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്ററുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയും രൂപീകരിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മറികടന്ന് ജില്ലയിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച 1500 ലധികം ബോര്‍ഡുകള്‍ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു.

 
വരണാധികാരികളും നാമനിര്‍ദ്ദേശ പത്രിക വിവരങ്ങളും
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 86 വരണാധികാരികള്‍. ഗ്രാമപഞ്ചായത്തുകളില്‍ 68, ബ്ലോക്ക് പഞ്ചായത്തില്‍ 11, ജില്ലാ പഞ്ചായത്തില്‍ ഒന്ന്, മുനിസിപ്പാലിറ്റികളില്‍ നാല്, കോര്‍പ്പറേഷനില്‍ രണ്ട്. . നവംബര്‍ 21 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരം ഒരുക്കിയത്. 22ന് സൂക്ഷ്മ പരിശോധന നടത്തി. 24 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ അവസരം നല്‍കി. 1721 പേരാണ് പിന്‍വലിച്ചത്.

മാധ്യമ പെരുമാട്ടചട്ടം
തദ്ദേശ തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങളും നിശ്ചിതപെരുമാറ്റചട്ടം പാലിക്കുന്നത് ഉറപ്പാക്കുന്നതിനും കര്‍ശനനിരീക്ഷണത്തിനും തുടര്‍നടപടികള്‍ക്കും ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സണും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായ മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമയബന്ധിതമായി പരിഹരിച്ചു. ആധുനിക സാങ്കേതികവിദ്യകളിലൂടെ വ്യാജചിത്രങ്ങളും ശബ്ദസന്ദേശങ്ങളും തെറ്റായവിവരങ്ങളും നിര്‍മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നിരോധനവും ഡീപ്ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവയ്ക്ക് നിയന്ത്രണവും ഏര്‍പെടുത്തിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  

 

അവസാനഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തി
തദ്ദേശ സ്വയംഭരണസ്ഥാപനതിരഞ്ഞെടുപ്പിലെ അവസാനവട്ട തയ്യാറെടുപ്പുകളും കുറ്റമറ്റനിലയിലെന്ന് സ്ഥിരീകരിക്കാന്‍ എ.ഡി.എം. ജി. നിര്‍മല്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ജില്ലയിലെ വിവിധ വിതരണ-സ്വീകരണ കേന്ദ്രങ്ങളിലായിരുന്നു വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടപ്രകാരമുള്ള സംവിധാനങ്ങളെല്ലാം സുസജ്ജമാണെന്ന് എ.ഡി.എം വ്യക്തമാക്കി.
ജില്ലാ ഐ.ടി മിഷന്‍ പ്രൊജക്ട് മാനേജര്‍ ജിതിന്‍രാജു, എന്‍.ഐ.സി ഓഫീസര്‍ സുമല്‍കുമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് രമേഷ് മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 പോലീസ്  വിന്യാസം പൂര്‍ത്തിയായി
ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് സുരക്ഷിതവും സുഗമവുമായി നടത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങളായി.  റൂറല്‍ മേഖലയില്‍ 2727, സിറ്റി 2409 എന്നിങ്ങനെയാണ്  പോലീസ്
 ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്.  ആകെ 5136 പേരുണ്ട്. സിറ്റിയില്‍ 8 ഡിവൈ.എസ്.പിമാര്‍ 33 ഇന്‍സ്‌പെക്ടര്‍മാര്‍, 173 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 1781 സിവില്‍  പോലീസ്
 ഓഫീസര്‍മാര്‍, 414 സ്‌പെഷ്യല്‍  പോലീസ്  ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
റൂറല്‍മേഖലയിലെ പ്രശ്‌നബാധിതബൂത്തുകളില്‍ 237  പോലീസ്  ഉദ്യോഗസ്ഥരെയും ഇലക്ഷന്‍ സബ് ഡിവിഷനുകളില്‍ 96 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
 (പി.ആര്‍.കെ നമ്പര്‍ 3445/2025)

 

 

date