Skip to main content

പ്രതിരോധിക്കാം ജീവിതശൈലീരോഗങ്ങള്‍: വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന് ജില്ലയില്‍ നാളെ (29) തുടക്കമാകും

ജീവിതശൈലീരോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ യുവജനങ്ങള്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന് ഇടുക്കി ജില്ലയില്‍ 29ന് തുടക്കമാകും. രാവിലെ 7 മണിക്ക് തൊടുപുഴ മങ്ങാട്ടുകവല പുതിയ ബസസ്്റ്റാന്‍ഡില്‍ വിവിധ കലാകായിക അഭ്യാസ പ്രകടനങ്ങളോടെ ആരംഭിക്കുന്ന റാലി തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ വിവിധ കലാകായിക പരിപാടികള്‍ റാലിയില്‍ ശ്രദ്ധേയമാകും. മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ഡി എം ഒ ഓഫീസുമായി സഹകരിച്ച് കോതമംഗലം മാര്‍ ബസേലിയസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ്  സയന്‍സ് (MBITS)  കോളേജില്‍ രാവിലെ 9 ന് പൊതു സമ്മേളനത്തോടൊപ്പം  വിവിധ കലാകായിക ഭക്ഷ്യ പ്രദര്‍ശന പരിപാടികളോടെ  മെഗാ ഇവന്റ് സംഘടിപ്പിക്കും.

ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം,കൃത്യമായ ഉറക്കം, ആരോഗ്യപരിപാലനം എന്നിവയിലൂന്നിയുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന് യുവജനങ്ങളും കുട്ടികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതിനും, മേല്‍പ്പറഞ്ഞ ലക്ഷ്യം കൈവരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായാണ് ക്യാമ്പയിന്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

date